21 April Saturday

ആടിയും പാടിയും പുതുവര്‍ഷത്തെ വരവേറ്റു

സ്വന്തം ലേഖകന്‍Updated: Monday Jan 1, 2018

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മഹിളാ അസോസിയേഷന്‍ കണ്ണൂരില്‍ സംഘടിപ്പിച്ച വരവേല്‍പ് പരിപാടിയില്‍ അവതരിപ്പിച്ച തിരുവാതിര.

 കണ്ണൂര്‍ > ആട്ടവും പാട്ടും ആരവങ്ങളുമായി അവര്‍ പുതുവര്‍ഷത്തെ വരവേറ്റു. ഇരുളുവീണാല്‍ പൊതു ഇടങ്ങള്‍ അന്യമാകുന്നവരുടെ അവകാശ പ്രഖ്യാപനം കൂടിയാവുകയായിരുന്നു മഹിളാ അസോസിയേഷന്‍ കണ്ണൂരില്‍ സംഘടിപ്പിച്ച വരവേല്‍പ്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വൈകിട്ട് തുടങ്ങിയ പരിപാടി പാതിരാവോളം തുടര്‍ന്നു. 
പൊതു ഇടങ്ങള്‍ ഞങ്ങളുടേത് കൂടിയാണെന്ന സന്ദേശമുയര്‍ത്തിയാണ് മഹിളാ അസോസിയേഷന്‍ വരവേല്‍പ് സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളുടെ സംഗമം കൂടിയായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച കലാവിരുന്ന്. വിവിധ ഏരിയകളില്‍നിന്നെത്തിയവര്‍ ഒറ്റയ്ക്കും കൂട്ടമായും കലാവിരുന്നൊരുക്കിയപ്പോള്‍ നഗരം കണ്ണിമ ചിമ്മാതെ കാവല്‍ നിന്നു. വിവിധ കലാമത്സരങ്ങളില്‍ സമ്മാനിതരായവരും കഴിവുണ്ടായിട്ടും കലാപ്രകടനങ്ങള്‍ക്ക് വേദി അന്യമായവരും ഒരുപോലെ ആട്ടവും പാട്ടുമായി നിറഞ്ഞതോടെ നഗരത്തിന് സമാനതകളില്ലാത്ത രാവൊരുങ്ങുകയായിരുന്നു. 
പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. തൊണ്ണൂറാം വയസ്സിലും സാഹസികമായി കിണറ്റിലിറങ്ങിയ ചാലില്‍ ശ്രീദേവിയമ്മയെ ആദരിച്ചു. സിനിമാതാരം നിഹാരിക എസ് മോഹന്‍, ബുള്ളറ്റ് റൈഡര്‍ അശ്വതി സന്തോഷ്, ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കാവ്യ ബിജു എന്നിവര്‍ അതിഥികളായി. മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍, സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി സതീദേവി, എന്‍ സുകന്യ, എം വി സരള, കെ പി വി പ്രീത, കെ ലീല തുടങ്ങിയവര്‍ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
Top