19 October Friday

ടൂറിസം‐ വാണിജ്യമേഖലകളിൽ നേപ്പാളും കേരളവും സഹകരിക്കാൻ ധാരണ

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

ഫെറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സും (ഫിക്കി) നേപ്പാള്‍ എംബസിയും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാർ നേപ്പാള്‍ അംബാസര്‍ ഇന്‍ ചാര്‍ജ് ഭരത് കുമാര്‍ റെഗ്മി ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം> ടൂറിസം വാണിജ്യ മേഖലകളില്‍ നേപ്പാളും കേരളവുമായി പരസ്പര സഹകരണത്തിന് ധാരണ. നേപ്പാള്‍ അംബാസര്‍ ഇന്‍ ചാര്‍ജ് ഭരത് കുമാര്‍ റെഗ്മി മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി എ സി മൊയ്തീനും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്‌.

സംയുക്ത സംരംഭങ്ങള്‍ക്ക് രൂപം നല്‍കുക, ഭക്ഷ്യോല്‍പാദന മേഖലയില്‍ വാണിജ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, ജലവൈദ്യുത മേഖലയിലും ഹൈ ആള്‍റ്റിറ്റ്യൂഡ് സപോര്‍ട്സ് പരിശീലനത്തിലും സാഹസികടൂറിസത്തിലും സഹകരണത്തിനുള്ള സാധ്യതകള്‍ വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ചര്‍ച്ചകളില്‍ ധാരണയായതെന്ന് റെഗ്മി അറിയിച്ചു. നേപ്പാളിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് ഫെറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സും (ഫിക്കി) നേപ്പാള്‍ എംബസിയും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേപ്പാളിലെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ കേരളത്തില്‍ നിന്നുള്ള നിക്ഷേപകരെ അദ്ദേഹം ക്ഷണിച്ചു. ടൂറിസം, ഭക്ഷ്യ സംസ്കരണം, ജലവൈദ്യുത ഉല്‍പാദനം, ടെക്സ്റ്റൈല്‍ മേഖലകളില്‍ നേപ്പാളില്‍ നിക്ഷേപം നടത്തുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ സംരംഭകര്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നേപ്പാളിലെ പുതിയ തുടക്കങ്ങളുടെ വര്‍ഷമാണ് 2018. കഴിഞ്ഞ മൂന്നു വര്‍ഷത്തിന് ശേഷം രാജ്യത്തിന് രാഷ്ട്രീയ സുസ്ഥിരതയും സല്‍ഭരണവും ഉറപ്പുവരുത്താനായി. വിദേശ നിക്ഷേപംആകര്‍ഷിക്കുന്നതിന് അനുഗുണമായ വിധത്തിലാണ് ഗവണ്‍മെന്റ് നയങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ദക്ഷിണേഷ്യയില്‍ ഏറ്റവും മികച്ച നിക്ഷേപ സൌഹൃദ അന്തരീക്ഷമാണ് നേപ്പാളിലുള്ളത്. ഇതിനായി ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു.

ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി നേപ്പാളും കേരളവും തമ്മില്‍ സാംസ്കാരിക വിനിമയ പരിപാടികള്‍ തയ്യാറാക്കണമെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസ് നിര്‍ദേശിച്ചു. നേപ്പാളില്‍ നിന്നുള്ള നൂറു കുട്ടികള്‍ക്ക് രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ സ്കോളര്‍ഷിപ്പ് നല്‍കാന്‍ തയ്യാറാണെന്ന് ചടങ്ങില്‍ സംസാരിച്ച കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഡോ. ബിജു രമേഷ് അറിയിച്ചു. കേരളത്തിനും നേപ്പാളിനുമിടയില്‍ ടൂറിസവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിന് നേപ്പാള്‍ സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പുവെക്കാന്‍ തിരുവനന്തപുരം ചേംബര്‍ ഓഫ്കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സന്നദ്ധമാണെന്ന് പ്രസിഡണ്ട് എസ്. എന്‍. രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു.

നേപ്പാള്‍ എംബസിയില സെക്കന്‍ഡ് സെക്രട്ടറി ബാബുറാം സിഗ്ദ്യാല്‍ നേപ്പാളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് അവതരണം നടത്തി. ഫിക്കി കെ ഇ എസ് ഇ ടൂറിസം കമ്മിറ്റി അംഗവും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡണ്ടുമായ ബേബി മാത്യു സോമതീരം, ഫിക്കികെഇഎസ്ഇ ടൂറിസം കമ്മിറ്റി കണ്‍വീനര്‍ യു.സി. റിയാസ്, ഫിക്കി കേരള സ്റ്റേറ്റ് കൌണ്‍സില്‍ മേധാവി സാവിയോ മാത്യു എന്നിവരും സംസാരിച്ചു. തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ചാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്.
 

പ്രധാന വാർത്തകൾ
Top