24 September Monday

നീറ്റ‌് റാങ്ക‌് പുതുക്കൽ തീരുമാനം 26 നകം ഉണ്ടാകുമെന്ന‌് പ്രതീക്ഷ ; മെഡിക്കൽ റാങ്ക‌ുകാർ ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018


തിരുവനന്തപുരം
മദ്രാസ‌് ഹൈക്കോടതി വിധിയെ തുടർന്ന‌് അഖിലേന്ത്യ മെഡിക്കൽ ക്വോട്ടയിലേക്കുള്ള പ്രവേശനം മരവിപ്പിച്ച അവസ്ഥയ‌്ക്ക‌് 26ന‌് മുമ്പ‌് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കേരളവും ഇതര സംസ്ഥാനങ്ങളും. കേരളത്തിൽ എംബിബിഎസ‌്, ബിഡിഎസ‌്, മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ടുമെന്റ‌് 26നാണ‌് .  
എന്നാൽ അഖിലേന്ത്യ ക്വോട്ടയിൽ മെഡിക്കൽ കോളേജുകളിൽ ഒന്നാം അലോട്ടുമെന്റിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക‌് പുറത്താക്കൽ ഭീഷണി നേരിടുകയാണ‌്. അഖിലേന്ത്യ ക്വാട്ടയിൽ പ്രവേശനം നേടിയ മലയാളി വിദ്യാർഥികളുടെ എണ്ണവും കൂടുതലാണ‌്. സംസ്ഥാനത്ത‌് നീറ്റ‌് റാങ‌് പ്രകാരമുണ്ടാക്കിയ സംസ്ഥാന റാങ്ക‌് ലിസ‌്റ്റിൽനിന്നാണ‌് അലോട്ടുമെന്റ‌് .അതിനാൽ അഖിലേന്ത്യ റാങ്ക‌് റാങ്ക‌് മാറിയാലും സംസ്ഥാന റാങ്ക‌് മാറില്ല. എന്നാൽ ഗവ. മെഡിക്കൽ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ടയിലെ പ്രവേശനത്തെ ബാധിക്കും. സർക്കാർ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകൾ ഒറ്റ പൂളായി പരിഗണിച്ചാണ‌് അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശനം നടത്തുന്നത‌്. കേരളത്തിൽ ഇരുനൂറോളം സീറ്റുകളിൽ ഇങ്ങനെയാണ‌് പ്രവേശനം. 

തമിഴിൽ നീറ്റ‌് എഴുതിയവർക്ക‌് 196 മാർക്ക‌് അധികം നൽകണമെന്ന‌് മദ്രാസ‌് ഹൈക്കോടതി മുധുര ബെഞ്ചിന്റെ വിധിയാണ‌്  ഒന്നാം അലോട്ടുമെന്റിൽ പ്രവേശനം നേടിയവർക്ക‌് പുറത്താകൽ ഭീഷണിക്ക‌് ഇടയാക്കിയത‌്. 196 മാർക്ക‌് കൂട്ടിച്ചേർത്ത‌് തമിഴ‌് വിദ്യാർഥികളുടെ റാങ്ക‌് പട്ടിക പുതുക്കണമെന്നാണ‌് ഉത്തരവ‌് . ഇതിനെതിരെ സിബിഎസ‌്ഇ തിങ്കളാഴ‌്ച സുപ്രീംകോടതിയെ സമീപിച്ചേക്കും. റാ ങ്ക‌് ലിസ‌്റ്റ‌് പുതുക്കേണ്ടിവന്നാൽ അഖിലേന്ത്യ  ക്വാട്ടയിൽനിന്ന‌് പുറത്താകുന്ന കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക‌് സംസ്ഥാനത്ത‌് രണ്ടാം അലോട്ടുമെന്റിന‌് അവസരം നൽകേണ്ടിവരും. 23 നെങ്കിലും തീരുമാനം ഉണ്ടായാൽ കേരളത്തിൽ രണ്ടാം അലോട്ടുമെന്റ‌് മാറ്റേണ്ടി വരില്ല. എന്നാൽ റാങ്ക‌് ലിസ‌്റ്റ‌് പുതുക്കിയാൽ പുറത്താകുന്നവർക്ക‌് കേരളത്തിൽ പുതിയ ഓപ‌്ഷൻ നൽകാനാവില്ല. ആദ്യ അലോട്ടുമെന്റിന‌് നൽകിയ ഓപ‌്ഷനുകൾ പുനക്രമീകരിക്കാനേ കഴിയൂ.

പ്രധാന വാർത്തകൾ
Top