21 September Friday
ദേശീയദുരന്തമായി പ്രഖ്യാപിക്കണം

പ്രളയം: കേന്ദ്രസഹായം അപര്യാപ‌്തം‐ യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018



ആലപ്പുഴ

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന‌് പ്രധാനമന്ത്രി അനുവദിച്ച ധനസഹായം തീർത്തും അപര്യാപ‌്തമാണെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ചുരുങ്ങിയത‌് ഇരുപതിനായിരം കോടി രൂപയുടെയെങ്കിലും നഷ്ടം കണക്കാക്കിയപ്പോൾ കേവലം 500 കോടി രൂപയാണ‌് അനുവദിച്ചത‌്. ദേശീയദുരന്തമായി പ്രഖ്യാപിക്കാനും തയ്യാറായില്ല. ദുരന്തം പ്രധാനമന്ത്രി നേരിൽകാണുകയും അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ‌്തതാണ‌്.

കേന്ദ്രസർക്കാർ നിലപാട‌് തിരുത്തുമെന്നാണ‌്  കരുതുന്നത‌്. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ പ്രളയദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട‌് ക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പുനർനിർമിക്കാൻ കേന്ദ്രസർക്കാരിന്റെയും വിവിധ ഏജൻസികളുടെയും സഹായം ഉറപ്പാക്കണം. കേന്ദ്രസർക്കാരിന്റെയും സൈന്യത്തിന്റെയും സഹായം കേരളത്തെ പുനർനിർമിക്കാൻ അനിവാര്യമാണ‌്.

രക്ഷാപ്രവർത്തനങ്ങൾക്കുശേഷം കേരളത്തിലെ റോഡുകളും പാലങ്ങളും പുനർനിർമിക്കാനും വാർത്താവിനിമയ സംവിധാനം പുനഃസ്ഥാപിക്കാനും സൈന്യത്തിലെ എൻജിനിയറിങ്‌ വിഭാഗത്തിന്റെയും പകർച്ചവ്യാധികൾ തടയുന്നതിന‌് സൈനിക ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കണം. സംസ്ഥാന സർക്കാരിനെ സഹായിക്കുന്ന തരത്തിലാണ‌് സൈന്യം പ്രവർത്തിക്കേണ്ട‌ത‌്. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കൈമെയ‌് മറന്ന‌് രംഗത്തിറങ്ങിയ കേരള ജനതയെ അഭിവാദ്യം ചെയ്യുന്നു.
ഇത്തരത്തിലൊരു രക്ഷാപ്രവർത്തനം ലോകത്തുതന്നെ അത്യപൂർവമാണ‌്.

ഏഴുലക്ഷത്തോളം പേരെയാണ‌് ഈ പ്രളയത്തിൽനിന്ന‌് രക്ഷിച്ചത‌്. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടൽ മാതൃകാപരമാണ‌്‐ യെച്ചൂരി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top