24 September Monday

കുമ്പസാര നിരോധന നീക്കം : മുഖംരക്ഷിക്കാന്‍ കേന്ദ്ര​ സർക്കാർ

സ്വന്തം ലേഖകൻUpdated: Saturday Jul 28, 2018



ന്യൂഡൽഹി
കുമ്പസാരം നിരോധിക്കണമെന്ന നിർദേശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയർന്നതോടെ, ദേശീയ വനിതാ കമീഷനെ പ്രതിസ്ഥാനത്താക്കി മുഖംരക്ഷിക്കാൻ കേന്ദ്ര​ സർക്കാർ.

ദേശീയ വനിതാ കമീഷന്റെ നിലപാടുമായി കേന്ദ്ര സർക്കാരിന് ബന്ധമില്ലെന്ന വിശദീകരണവുമായി  കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം രം​ഗത്തെത്തി. മറ്റ് മുതിർന്ന കേന്ദ്ര മന്ത്രിമാരാരും  ബിജെപിയുടെ കേന്ദ്ര നേതൃത്വവും മൗനം തുടരുകയാണ്.

കേരളത്തിലെ ക്രൈസ്തവ സഭകളിലെ ലൈംഗിക ചൂഷണം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും കുമ്പസാരം നിരോധിക്കണമെന്നുമാണ് ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ  നിർദേശിച്ചത്.

രേഖ ശർമയുടെ നിലപാട് വ്യക്തിപരമാണെന്നും കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്നും കണ്ണന്താനം വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.

മതസ‌്പർധ വളർത്തുന്നു: സൂസപാക്യം
തിരുവനന്തപുരം
ദേശീയ വനിതാ കമീഷൻ മതസ‌്പർധ വളർത്താൻ ശ്രമിക്കുകയാണെന്ന‌് ലത്തീൻ അതിരൂപതാ ആർച്ച‌്ബിഷപ്പ‌് ഡോ. സൂസപാക്യം. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം തടയുംവിധമുള്ള കമീഷന്റെ നീക്കം ആശങ്കയുണർത്തുന്നു. നൂറ്റാണ്ടുകളായി ക്രൈസ‌്തവ സഭകളുടെ ആചാരത്തിന്റെ ഭാഗമാണ‌് കുമ്പസാരം. ഇത‌്   ദുരുപയോഗം ചെയ്യുന്ന നടപടി ഒരു സഭയും അംഗീകരിക്കില്ല. അത്തരക്കാർ ശിക്ഷിക്കപ്പെടണം. കുമ്പസാര രഹസ്യം സൂക്ഷിക്കാൻ പുരോഹിതർ ബാധ്യസ്ഥരാണ‌്. സമീപകാലത്ത‌്  ഉണ്ടായ ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണ‌്. അതിന്റെ പേരിൽ ക്രൈസ‌്തവ സഭകളെയാകെ അവഹേളിക്കാനാണ‌് ദേശീയ വനിതാ കമീഷൻ ശ്രമിക്കുന്നത‌്.  കമീഷന്റെ വികലവും പ്രകോപനപരവുമായ നീക്കം തടയണമെന്ന‌ാവശ്യപ്പെട്ട‌് പ്രധാനമന്ത്രിക്ക‌് നിവേദനം നൽകുമെന്നും ആർച്ച‌് ബിഷപ്പ‌് പറഞ്ഞു.

മതസ്വാതന്ത്ര്യത്തിന്റെ  ലംഘനം: കാതോലിക്കാ ബാവാ
കോട്ടയം
കുമ്പസാരം  നിർത്തലാക്കണമെന്ന ദേശീയ വനിതാ കമീഷൻ അധ്യക്ഷയുടെ നിർദേശം വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കാനുളള നീക്കമായേ കാണാനാകൂവെന്ന‌് ബസേലിയോസ‌്  മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.

കുമ്പസാരം നിരോധിക്കുന്നത‌്  ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ  ലംഘനമാണ‌്. ചില വൈദികർ കുമ്പസാരം ദുരുപയോഗപ്പെടുത്തി എന്ന ആരോപണമാണ‌് ഉയർന്നിട്ടുള്ളത‌്. ഇത‌് തെളിയിക്കപ്പെട്ടാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നതു തന്നെയാണ് സഭയുടെ  നിലപാട്.  ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പുരോഹിതവൃത്തിയിലുള്ള മുഴുവൻ പേരെയും ഒന്നടങ്കം ആക്ഷേപിക്കുന്നത‌് ശരിയല്ല.  മതാനുഷ്ഠാനം നിരോധിക്കണമെന്ന് വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കാതോലിക്കാ ബാവ പറഞ്ഞു.

പ്രധാന വാർത്തകൾ
Top