21 September Friday

മുത്തൂറ്റ‌് ഫിനാൻസ‌് ജീവനക്കാർ വീണ്ടും പണിമുടക്കിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018


കൊച്ചി
തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പു ചർച്ചയിലെ ധാരണകൾ പാലിക്കാത്ത മാനേജ‌്മെന്റ‌് നിലപാടിൽ പ്രതിഷേധിച്ച‌് മുത്തൂറ്റ‌് ഫിനാസ‌് ജീവനക്കാർ   അനിശ‌്ചിതകാല പണിമുടക്കിലേക്ക‌്. ജൂൺ 13ന‌് തൊഴിൽ മന്ത്രി ടി പി രാമകൃഷ‌്ണന്റെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പുചർച്ചയിലെ ധാരണകൾ അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട‌്  ആഗസ‌്ത‌് രണ്ടുമുതൽ നോൺ ബാങ്കിങ്‌ ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷൻ (സിഐടിയു)ന്റെ നേതൃത്വത്തിലാണ‌് പണിമുടക്ക‌്. ഞായറാഴ‌്ച ചേർന്ന അസോസിയേഷൻ മുത്തൂറ്റ‌് ഫിനാൻസ‌് യൂണിറ്റിന്റെ സംസ്ഥാന കമ്മിറ്റിയാണ‌് പണിമുടക്ക‌് തീരുമാനിച്ചത‌്.

സിഐടിയു എറണാകുളം ജില്ലാകമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ‌് എം സ്വരാജ‌് എംഎൽഎ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ‌് കെ എൻ ഗോപിനാഥ‌്,  നോൺ ബാങ്കിങ്‌ ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി സി സി രതീഷ‌്, വൈസ‌് പ്രസിഡന്റ‌് കെ ജെ തോമസ‌് എന്നിവർ സംസാരിച്ചു. സെക്രട്ടറി നിഷ കെ ജയൻ റിപ്പോർട്ട‌് അവതരിപ്പിച്ചു.

2017ലെ ബോണസ‌് വിതരണത്തിൽ വന്ന അപാകം പരിഹരിക്കുമെന്നതുൾപ്പെടെയുള്ള ഒരു തീരുമാനവും നടപ്പാക്കാൻ മാനേജ‌്മെന്റ‌് തയ്യാറായില്ലെന്ന‌് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. നേരത്തെ നടത്തിയ പണിമുടക്കിന്റെ പേരിൽ നടപ്പാക്കിയ സ്ഥലം മാറ്റങ്ങൾ റദ്ദാക്കൽ, സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ തരംതാഴ‌്ത്തിയ 11 മാനേജർമാക്ക‌് ഒഴിവുവരുന്ന മുറയ‌്ക്ക‌് പുനർ നിയമനം നൽകൽ, തടഞ്ഞുവച്ച ഇൻസന്റീവ‌് തിരിച്ചുനൽകൽ, വിദേശയാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങളൊന്നും നടപ്പാക്കാൻ മാനേജ‌്മെന്റ‌് തയ്യാറല്ല. 2017ലെ ബോണസ‌് ജൂൺ 28ന‌് വിതരണം ചെയ്യാം എന്നായിരുന്നു ധാരണ. ഇതിനായി 25ന‌് മൂന്നംഗ കമ്മിറ്റി ചേർന്ന‌് ആവശ്യമായ തീരുമാനം കൈക്കൊള്ളും എന്നും ധാരണയായിരുന്നു. എന്നാൽ ഈ യോഗത്തിൽനിന്ന‌് മാനേജ‌്മെന്റ‌് ഏകപക്ഷീയമായി പിന്മാറി. മന്ത്രിയുമായുള്ള ചർച്ചയ‌്ക്കുശേഷവും അസോസിയേഷൻ അംഗങ്ങൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയും കള്ളപ്പരാതി നൽകി കേസെടുപ്പിക്കുകയും ചെയ‌്തു. 

നോൺ ബാങ്കിങ്‌ ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷ (സിഐടിയു) നെതിരെ ചീഫ‌് ജനറൽ മാനേജരുടെ നേതൃത്വത്തിൽ വെൽഫെയർ അസോസിയേഷൻ എന്നപേരിൽ പുതിയ സംഘടന രൂപീകരിച്ചു.
തൊഴിലാളി സംഘടനയ‌്ക്കെതിരെയും സർക്കാരിനെതിരെയും അപവാദപ്രചാരണം നടത്തുക ഇവർ പതിവാക്കി. ഡ്യൂട്ടി സമയത്ത‌് വാർത്താസമ്മേളനം നടത്തിയും പോസ‌്റ്റർ  പ്രചാരണം നടത്തിയും ജീവനക്കാരെ ഭീഷണിപ്പെടുത്തിയും പ്രകോപനം സൃഷ‌്ടിക്കുകയാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top