16 November Friday

മൃദംഗവാദകൻ ഹരിനാരായണൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കോഴിക്കോട്‌ > പ്രശസ്ത സംഗീതജ്ഞനും നടനുമായ ഹരി നാരായണൻ (58) അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത ആസ്ത്മ രോഗിയായിരുന്ന അദ്ദേഹത്തെ രോഗം മൂർഛിച്ചതിനെ തുടർന്ന് നാലരയോടെയാണ് ബേപ്പൂർ നടുവട്ടത്തെ വീട്ടിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകാതെ മരണം സംഭവിച്ചു. ശ്വാസതടസം കലശലായതിനെ തുടർന്നായിരുന്നു മരണം.

ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ എന്ന സിനിമയിലെ നടനെന്ന നിലയിലാണ് ഹരിനാരായണൻ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മൃദംഗ വാദകൻ, ഡോക്യുമെന്ററി സംവിധായകൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. ജോണിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു.

മൂന്നര വർഷത്തോളം കലാമണ്ഡലത്തിൽ മൃദംഗവാദകനായി ചെലവിട്ടിട്ടുണ്ട്. പിന്നീട് കോഴിക്കോട് മണി അയ്യരുടെ കീഴിൽ മൃദംഗം പഠിച്ചു.

ജോണിനെ കണ്ടതിനു ശേഷം രണ്ട് വർഷത്തോളം അദ്ദേഹത്തിനൊപ്പം ഹരിനാരായണനുണ്ടായിരുന്നു. ഒന്നര വർഷത്തോളം അമ്മ അറിയാൻ എന്ന ചിത്രത്തിന്റെ തിരക്കുകളിൽ മാത്രം ചെലവിട്ടു.

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്നു ഹരിനാരായണൻ. നിരവധി വേദികളിൽ മൃദംഗം അവതരിപ്പിച്ചിട്ടുണ്ട്. അരാജകവാദിയായാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. അവനവന്റെ മീഡിയത്തിൽ അരാജകത്വം സൂക്ഷിക്കണമെന്നായിരുന്നു ഹരിനാരായണന്റെ വാദം.

മൃതദേഹം നടുവട്ടം പെരച്ചനങ്ങാടിയിലെ 'ഓം ശക്തി ' എന്ന വീട്ടിലെത്തിച്ചു. സംസ്കാരം ഞായാറാഴ്‌ച. പരേതരായ വാസുദേവപ്പണിക്കർ‐ബാലമീനാക്ഷി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിജയ ഗോപാൽ (എറണാകുളം), അനന്തകൃഷ്ണൻ (കോവൂർ), വാസന്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top