17 November Saturday

രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തും; നാളെ കൂടുതൽ ബോട്ടുകളും ഹെലികോപ്റ്ററുകളുമെത്തും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 16, 2018

തിരുവനന്തപുരം > വ്യോമ‐നാവിക സേനകളുടെ കൂടുതല്‍ യൂണിറ്റുകൾ വെള്ളിയാഴ്‌ച രക്ഷാ പ്രവർത്തനത്തിന്‌ രംഗത്തിറങ്ങുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ 23 ഹെലികോപ്ടറുകളും ഇരുനൂറിലേറെ ബോട്ടുകളും ലഭ്യമാക്കും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് മൂന്ന് ഹെലികോപ്ടറുകള്‍ വീതം എത്തും. തമിഴ്‌നാടിന്റെ ഫയര്‍ഫോഴ്‌സ് ബോട്ടുകളും സ്വകാര്യബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. കൂടുതല്‍ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റപ്പെട്ട് കഴിയുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിന്റെ തീരുമാനങ്ങൾ മാധ്യമങ്ങളോട്‌ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതബാധിത പ്രദേശങ്ങളില്‍ ജലവകുപ്പ് ആവശ്യത്തിന് കുടിവെള്ളമെത്തിക്കും. വയനാട്ടിലെ പ്രളയബാധിതര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാകും ഇവയുടെ വിതരണ ചുമതല. ദുരിതാശ്വാസക്യാമ്പുകളില്‍ ഒന്നരലക്ഷത്തോളം പേരാണുള്ളത്‌. ഇതുവരെ എറണാകുളത്ത്‌ 2500 പേരെയും പത്തനംതിട്ട മേഖലയില്‍ നിന്ന് 580 പേരെയും രക്ഷിച്ച്‌ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിയതായും മുഖ്യമന്ത്രി പറഞ്ഞു.

അണക്കെട്ടുകളിൽ വിള്ളലുണ്ടെന്നും വൈദ്യുതിവിതരണം നിര്‍ത്തുന്നു എന്നുമെല്ലാം വ്യാജസന്ദേശം പ്രചരിപ്പിച്ച്‌ പരിഭ്രാന്തി പരത്തുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത്തരം വ്യാജപ്രചരണങ്ങള്‍ തിരിച്ചറിയണമെന്നും പ്രചരിപ്പിക്കുന്നതിൽ നിന്ന്‌ വിട്ടുനിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top