25 September Tuesday

മഴ: മൺസൂൺടൂറിസം തകർച്ചയിൽ ; ഇനി പ്രതീക്ഷ നീലക്കുറിഞ്ഞി

പി ജി സുജUpdated: Saturday Jul 28, 2018



കൊച്ചി
മനസ്സിലേക്ക് പെയ്തിറങ്ങുന്ന കുളിർമഴ‌യും കർക്കടകത്തിലെ ആയുർവേദചികിത്സയും ചേർന്ന‌് കരുത്തുപകരുന്ന മഴക്കാല വിനോദസഞ്ചാരമേഖല മഴക്കെടുതികളെത്തുടർന്ന‌് കനത്ത തകർച്ച നേരിടുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിൽ ആദ്യമായാണ‌് ഇത്തരത്തിൽ  തിരിച്ചടി ഉണ്ടായതെന്ന‌് ഈ രംഗത്തുള്ളവർ പറയുന്നു.

മഴക്കാലത്തെ വരവേൽക്കാൻ ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ  പ്രത്യേക പ്രചാരണം നടത്തിയിരുന്ന ഈ രംഗം നിപ നൽകിയ ആഘാതത്തിൽനിന്ന‌് ജൂണിൽ അൽപ്പമൊന്നു കരകയറിയതിന്റെ സൂചന ഉണ്ടായിരുന്നു. അപ്പോഴാണ‌് മഴക്കാല വിനോദസഞ്ചാരം ആഘോഷിക്കാൻ ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്ന ജൂലൈയിൽ ആഴ‌്ചകളായി തുടരുന്ന  കനത്ത മഴയും വെള്ളപ്പൊക്കവും സ്ഥിതി വീണ്ടും രൂക്ഷമാക്കിയത‌്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച‌്  ജൂലൈയിലെ വരുമാനത്തിൽ 40  മുതൽ 70 ശതമാനം വരെ ഇടിവുണ്ടായതായാണ‌് പ്രാഥമികമായി ലഭിക്കുന്ന കണക്കുകൾ.

മുഖ്യമായും  കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ്ങുകൾ റദ്ദാക്കിയിട്ടുണ്ട‌് . കായലോര സഞ്ചാരത്തിനും ഹൗസ‌് ബോട്ടുകൾക്കും ആണ‌് കനത്ത ആഘാതമേറ്റത‌്‌. മൂന്നാർ, ഇടുക്കി മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണിക്കു പകരം ഉരുൾപൊട്ടൽ ഭീഷണിയും മലയിടിച്ചിലും  റോഡ‌്‌യാത്ര നിരോധിച്ചതുമാണ‌് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന‌് ഇടുക്കി കൂട്ടിക്കാനത്തെ തൃശങ്കു ഹാവൻ റിസോർട‌്സ‌് ഉടമ റോയ‌് കല്ലറയ‌്ക്കൽ പറഞ്ഞു. ഇടുക്കിയിലേക്ക‌്  ഈ സമയത്ത‌് കൂടുതലായും സഞ്ചാരികളെത്തുന്നത‌് മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നുള്ള കോർപ്പറേറ്റ‌് ഗ്രൂപ്പുകളാണ‌്. എല്ലാ വർഷവും മഴക്കാലത്ത‌് ഇവരുടെ വരവ‌് 10 ശതമാനമെങ്കിലും വർധിക്കാറുള്ളത‌് ഇക്കൊല്ലം 70 ശതമാനത്തോളം ഇടിഞ്ഞതായി റോയി വിശദീകരിച്ചു. 

വയനാട്ടിലും സ്ഥിതി രൂക്ഷമാണെന്ന‌് വൈത്തിരി വില്ലേജ‌് റിസോർട‌്സ‌് ചെയർമാൻ എൻ കെ മുഹമ്മദ‌് പറയുന്നു. ബംഗളൂരുവിലും ചെന്നൈയിലുംനിന്നുള്ള ഐടി പ്രൊഫഷണലുകളാണ‌് കൂടുതലും ഈ സമയത്തെത്തുന്നത‌്‌. എന്നാൽ ഈ മാസം കുട്ടത്തോടെ ഇവർ യാത്ര റദ്ദാക്കുന്ന സ്ഥിതിവിശേഷമാണുള്ളത‌്. നിപയെക്കുറിച്ചുള്ള വാർത്തകൾ പുറത്തെ മാധ്യമങ്ങൾ വലിയ പ്രധാന്യം നൽകി പ്രസിദ്ധീകരിച്ചതുമുതൽ അവർ ആശങ്കാകുലരായിരുന്നു. വെള്ളപ്പൊക്കവും മലയിടിച്ചിലും കുടിയായപ്പോൾ ചിത്രം പൂർണമായെന്ന‌് അദ്ദേഹം പറഞ്ഞു. ആയുർവേദത്തിന‌് തിരിച്ചടിയായത‌് അറബ‌് രാജ്യങ്ങ‌ളിൽനിന്നുള്ളവർ കൂട്ടത്തോടെ വരവ‌് റദ്ദാക്കിയതാണ‌്.

മറ്റിടങ്ങളിൽ പ്രതിസന്ധി രൂക്ഷമാണെങ്കിലും കൊച്ചിയിൽ ബുക്കിങ‌് കാര്യമായി ഇടിഞ്ഞിട്ടില്ലെന്ന‌് അബാദ‌് ഹോട്ടൽ മാനേജിങ‌് ഡയറക്ടർ റിയാസ‌് അഹമ്മദ‌് പറഞ്ഞു. ബിസിനസ‌് സമ്മേളനങ്ങളും പ്രദർശനങ്ങളും കാര്യമായി റദ്ദാക്കിയിട്ടില്ല എന്നതിനാലാണിത‌്. എന്നാൽ ഇക്കൂട്ടർ മറ്റിടങ്ങൾ കാണാൻ പോകുന്നില്ല എന്ന പ്രശ‌്നമുണ്ട‌്‐ അദ്ദേഹം അറിയിച്ചു. 

ജൂൺ‐ജൂലൈ  മാസങ്ങൾ ഈ മേഖലയ‌്ക്ക‌് കനത്ത തിരിച്ചടിയായെങ്കിലും ആഗസ‌്തോടെ കാര്യങ്ങൾ പഴയപടിയാകുമെന്ന പ്രതീക്ഷയിലാണ‌് ഈ രംഗത്തുള്ളവർ. മൂന്നാറിൽ അടുത്തമാസംമുതൽ നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികളുടെ ഒഴുക്കുതുടങ്ങുമെന്നാണ‌് ഇപ്പോഴത്തെ പ്രതീക്ഷയെന്ന‌് റീജണൽ ടൂറിസം ജോയിന്റ‌് ഡയറക്ടർ കെ പി നന്ദകുമാർ പറഞ്ഞു. നീലക്കുറിഞ്ഞി കാണാൻ ഇക്കുറി എട്ടുലക്ഷത്തിനുമേൽ രാജ്യാന്തര, ദേശീയ, തദ്ദേശീയ സഞ്ചാരികൾ എത്തുമെന്നാണ‌് പ്രതീക്ഷ. അവരെ വരവേൽക്കാനും പരിസ്ഥിതിക്ക‌് ഹാനികരമാകാത്തവിധം മറ്റ‌് സൗകര്യങ്ങളൊരുക്കാനും കൂടിയാലോചനകളും തയ്യാറെടുപ്പും തുടങ്ങിയതായി അദ്ദേഹം അറിയിച്ചു.

ജൂൺമുതൽ ഒക്ടോബർവരെ നീളുന്ന മഴക്കാല സീസണിൽ കഴിഞ്ഞവർഷം 61,42,190 പേർ ഇവിടെ വന്നതായാണ‌് കണക്കുകൾ. 2016ൽ മഴക്കാലത്ത‌് കേരളം ആസ്വദിക്കാൻ എത്തിയവരെക്കാൾ അഞ്ചുലക്ഷം പേർ അധികമായിരുന്നു ഇത‌്. ഇക്കുറിയും മുന്നേറ്റം പ്രതീക്ഷിച്ചിരുന്നപ്പോഴാണ‌് നിപയും മഴക്കെടുതിയും നേരിടേണ്ടിവന്നത‌്. വരുംമാസങ്ങളിൽ ഈ കുറവ‌് പരിഹരിക്കാൻ ഈ മേഖല ഒന്നാകെ തയ്യാറെടുക്കുകയാണ‌്‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top