18 November Sunday

നാലുമാസത്തിനിടെ കാണാതായ 3416ൽ 3069 പേരെയും കണ്ടെത്തി

സ്വന്തം ലേഖകൻUpdated: Friday Jun 8, 2018

തിരുവനന്തപുരം > സംസ്ഥാനത്തുനിന്ന‌് നാലുമാസത്തിനിടെ ആളുകളെ കാണാതായ 3416  കേസിൽ 3069 പേരെയും പൊലീസ‌് കണ്ടെത്തി.  കാണാതായവരെക്കുറിച്ചുള്ള പരാതികളിൽ 3112 കേസ‌് രജിസ്റ്റർ ചെയ‌്‌‌തതിൽ തീർപ്പാകാതെ ശേഷിക്കുന്നത‌്  ഏതാനും എണ്ണം മാത്രം. ഇവരെ കണ്ടെത്താനുള്ള ഊർജിതാന്വേഷണവും പ്രത്യേക സംഘം രൂപീകരിച്ച‌് തുടരുകയാണ‌്. 

കാണാതായ കുട്ടികളെ‌ കണ്ടത്താൻ രണ്ട‌് എസ‌്‌പിമാരുടെ നേതൃത്വത്തിൽ നോഡൽ ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട‌്. 2018 ജനുവരി ഒന്നുമുതൽ ഏപ്രിൽ 30 വരെ 3416 പേരെയാണ‌് കാണാതായത‌്. ഇതിൽ 794 പുരുഷൻമാരും 2068 സ‌്ത്രീകളും 554 കുട്ടികളുമാണ‌്.

583 പുരുഷൻമാരെയും 1967 സ‌്ത്രീകളെയും 519 കുട്ടികളെയും കണ്ടെത്തി. കണ്ടെത്താനുള്ളവരിൽ 35 പേർ മാത്രമാണ‌് കുട്ടികൾ. 211 പുരുഷൻമാരെയും 101 സ‌്ത്രീകളെയും കണ്ടെത്താനുണ്ട‌്. പൊലീസിന്റെ കാര്യക്ഷമത തെളിയിക്കുന്നതാണ‌് ഈ കണക്ക‌്. 

കാണാതാകുന്നതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാൽ ഫോട്ടോയടക്കം കേരളത്തിലും പുറത്തുമുള്ള മുഴുവൻ പൊലീസ‌് സ‌്റ്റേഷനിലും ഓൺലൈനായി അറിയിക്കുന്നുണ്ട‌്.

പരാതിയിൽ കേസ‌് രജിസ്റ്റർ ചെയ‌്‌‌ത‌് സൈബർ സെല്ലിന്റെയടക്കം സഹായത്തോടെ കുറ്റമറ്റ അന്വേഷണമാണ‌് നടക്കുന്നത‌്. ചില കേസിൽ  ഉന്നത പൊലീസ‌് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിട്ടുണ്ട‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top