22 October Monday

ക്ഷീരമേഖലയിൽ 32 കോടിയുടെ നഷ്ടം

കെ എ അനിൽകുമാർUpdated: Monday Aug 20, 2018


കാലവർഷക്കെടുതിയിൽ ക്ഷീരമേഖലയിൽ ഇതുവരെ 32 കോടി രൂപയുടെ നഷ്ടം. വിവിധ ജില്ലകളിലെ ക്ഷീരവികസന ഓഫീസ് മുഖേന സമാഹരിച്ച പ്രാഥമിക കണക്കിലാണിത‌്. പ്രതിസന്ധി മറികടക്കാൻ 5.66 കോടി രൂപയുടെ അടിയന്തര നടപടി സ്വീകരിക്കാൻ ക്ഷീരവികസന ഡയറക്ടറേറ്റ് നിർദേശം നൽകി.വയനാട് ജില്ലയിലാണ‌് കൂടുതൽ നഷ്ടം. പാലുൽപ്പാദനത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തുള്ള ജില്ലയാണ് വയനാട്ടിൽ പ്രതിദിനം 2.30 ലക്ഷം ലിറ്ററാണ് ഉൽപ്പാദനം. ഇതിൽ 40,000 ലിറ്റർ ഉൽപ്പാദനം കുറഞ്ഞു.

വിവിധ പദ്ധതികളിലൂടെ ചെലവഴിക്കുന്ന തുകയിൽ ക്രമീകരണം നടത്തിയാണ് അടിയന്തര സഹായമെത്തിക്കാൻ നിർദേശം. ഗ്രാമീണ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും ഉപദേശക സർവീസുകളും പദ്ധതിയിലെ കണ്ടിജൻസി ധനസഹായം, ക്ഷീരകർഷകരുടെ ദേശീയ പഠനയാത്ര എന്നീ ഇനങ്ങളിൽ നിന്നായി യഥാക്രമം 20 ലക്ഷവും ആറ് ലക്ഷവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റിവയ‌്ക്കണം. ബ്ലോക്കുതല ക്ഷീരസംഗമം നടത്തുകയോ മുന്നോരുക്കങ്ങൾക്കായി ചെലവഴിച്ചതോ ആയ തുക ഒഴിച്ച് ബാക്കിയുള്ളതും ഇതോടൊപ്പം ചേർക്കും. ഇതടക്കം 36 ലക്ഷം രൂപ ക്ഷീരമേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റിവയ‌്ക്കാനാണ് നിർദേശം. കാലവർഷക്കെടുതിയിൽ ഉരുക്കൾ ചത്തുപോകുക, ഒഴുക്കിൽപ്പെട്ട് കാണാതാവുക, കാലിത്തൊഴുത്തിനുണ്ടായ നാശം എന്നിവക്കുള്ള നഷ്ടപരിഹാരമായി കണ്ടിജൻസി ധനസഹായം നൽകും. 

ക്ഷീരസംഘങ്ങൾ മുഖേന പച്ചപ്പുൽ, വൈക്കോൽ വിതരണം ചെയ്യാൻ മൂന്ന് കോടി രൂപക്ക‌് അനുമതി ലഭിച്ചിരുന്നു. മറ്റ് ഫണ്ടുകൾ കൂടി ചേർത്ത് 4.50 കോടിയാക്കി ഉയർത്തും. അതോടൊപ്പം ഡിബിറ്റി കാലത്തീറ്റ പദ്ധതിയിലെ 80 ലക്ഷവും ചേർത്ത്  5.66 കോടി രൂപ പ്രളയദുരിതം നേരിട്ട ക്ഷീര കർഷകർക്ക്  അനുവദിക്കാനും ഡയറക്ടർ ഉത്തരവിട്ടു.

പ്രധാന വാർത്തകൾ
Top