25 September Tuesday

എംബിബിഎസ‌് 300 സീറ്റിലേക്കുകൂടി പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018


തിരുവനന്തപുരം
സംസ്ഥാനത്തെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 300 എംബിബിഎസ‌് സീറ്റുകളിലേക്കും ഒരു ദന്തൽ കോളേജിലെ 100 ബിഡിഎസ‌് സീറ്റിലേക്കും കൂടി പ്രവേശനാനുമതി നൽകാൻ ആരോഗ്യ സർവകലാശാല ഗവേണിങ്‌ കൗൺസിൽ തീരുമാനം.  അസീസിയ കൊല്ലം, എസ് യു ടി തിരുവനന്തപുരം,  സി എസ് ഐ കാരക്കോണം എന്നീ മെഡിക്കൽ കോളേജുകളിലെ  പ്രവേശന വിലക്കാണ്  നീങ്ങിയത്.  കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ 100 സീറ്റിനും അനുമതി നൽകി. ഇവയിലേക്ക‌് പ്രവേശന കമീഷണർക്ക‌് അടുത്ത അലോട്ടുമെന്റ‌് നടത്താനാകും.

കണ്ണൂർ മെഡിക്കൽ കോളേജിലെ  പ്രവേശന വിലക്ക് നീക്കുന്നത്‌ പരിഗണിച്ചില്ല. എസ‌് യു ടി മെഡിക്കൽ കോളേജിന് ഉപാധികളോടെയാണ് അനുമതി. അധ്യാപകരുടെ എണ്ണത്തിൽ അഞ്ചുശതമാനം കുറവുണ്ടെന്ന‌്  സർവകലാശാല കണ്ടെത്തി.  ഇത് മൂന്നുമാസത്തിനകം പരിഹരിക്കാമെന്ന‌് സത്യവാങ‌്മൂലം നൽകണം.   കണ്ണൂർ മെഡിക്കൽ കോളേജിലെ അധ്യാപകരുടെ പട്ടികയിൽ മെഡിക്കൽ കൗൺസിൽ ഉന്നയിച്ച തടസങ്ങൾ കാരണമാണ് അനുമതി നല്കുന്നത്‌ പരിഗണിക്കാത്തത‌്.  പ്രവേശനം നിഷേധിക്കപ്പെട്ട കുട്ടികളുടെ ഫീസ് മടക്കി നല്കിയില്ലെന്ന കാര്യത്തിൽ ഫീസ് നിർണയസമിതിയും സർക്കാരിന് കത്തുനല്കിയിട്ടുണ്ട‌്.

അതേസമയം പാലക്കാട് കേരള മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ തുടർപഠനകാര്യം സർക്കാരും സർവകലാശാലയും മെഡിക്കൽ കൗൺസിലിനെ അറിയിക്കും.  2016‐ 17 ൽ   ലോധ കമ്മിറ്റിയുടെ നിർദേശ പ്രകാരം ഒരുബാച്ചിന് ഇവിടെ  പ്രവേശനം നല്കിയിരുന്നു. ഇവിടെ പഠിക്കുന്നവരുടെ കാര്യത്തിൽ സർക്കാർ മെഡിക്കൽ കൗൺസിലുമായി ആലോചിച്ച്  തീരുമാനമെടുക്കുമെന്ന്  ആരോഗ്യ സെക്രട്ടറി രാജീവ‌് സദാനന്ദൻ  ഗവേണിങ് കൗൺസിലിനെ അറിയിച്ചു.
കോളേജ് മാനേജ്‌മെന്റുകൾ നൽകേണ്ട അഫിലിയേഷൻ ഫീസ് 50 ശതമാനം ഉയർത്തണമെന്ന ശുപാർശ ഗവേണിങ് കൗൺസിൽ തള്ളി. അഫിലിയേഷൻ ഫീസിൽ അഞ്ചുശതമാനം
വർധന വരുത്തിയാൽ മതിയെന്ന്തീരുമാനിക്കുകയായിരുന്നു.  വൈസ‌് ചാൻസലർ ഡോ. എം കെ സി നായർ, പ്രൊ. വൈസ‌് ചാൻസലർ ഡോ. എ നളിനാക്ഷൻ ഉൾപ്പെടെ മുഴുവൻ ഗവേണിങ‌് കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top