18 November Sunday

മെഡിക്കൽ പ്രവേശനം: ഫലംകണ്ടത്‌ സർക്കാർ ഇടപെടൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018


കൊച്ചി
സംസ്ഥാന പട്ടികജാതി, പട്ടികവർഗ വികസനവകുപ്പിന്റെ കീഴിലുള്ള പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ അഞ്ചാംവർഷ ബാച്ചിലേക്കുള്ള 100 വിദ്യാർഥികൾക്ക് പ്രവേശനം നൽകി ഹൈക്കോടതി ഉത്തരവ‌‌‌ിട്ടത‌് തുടർച്ചയായ സർക്കാർ ഇടപെടലിനെത്തുടർന്ന‌്. ഈവർഷത്തെ പ്രവേശനത്തിനുള്ള അനുമതി എംസിഐ നിഷേധിച്ചിരുന്നു. ഇതിനെതിരെ പട്ടികജാതി‐വർഗ വികസനവകുപ്പ്  വിഷയത്തിൽ റിട്ട് ഹർജി സമർപ്പിച്ച‌് സർക്കാർ   ശ്രമങ്ങളെ ബോധ്യപ്പെടുത്താൻ നടത്തിയ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് ഹൈക്കോടതി 100 സീറ്റിലേക്കുള്ള പ്രവേശനത്തിന‌്  അനുമതി നൽകിയത്.

മെഡിക്കൽ കൗൺസിൽ ശുപാർശപ്രകാരം 2018‐19 അധ്യയനവർഷത്തേക്ക് രാജ്യത്തെ പുതിയ കോളേജുകൾക്ക് സമർപ്പിച്ച 68 അപേക്ഷകളും സീറ്റ്‌വർധനവിനായി സമർപ്പിക്കപ്പെട്ട ഒമ്പത‌് അപേക്ഷകളും തുടർ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി സമർപ്പിക്കപ്പെട്ട 82 അപേക്ഷകളും അടക്കം ആകെ 159 കോളേജുകളുടെ അപേക്ഷ കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു. കേരളത്തിൽ പാലക്കാട് മെഡിക്കൽ കോളേജിനും എട്ടു സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കുമാണ്  ഇങ്ങനെ അനുമതി നിഷേധിക്കപ്പെട്ടത്.  കേരളത്തിൽ മാത്രം 1600ഓളം മെഡിക്കൽ സീറ്റുകളുടെ കുറവ് ഇതുമൂലം സംഭവിച്ചു. 2018‐19 അധ്യയനവർഷംമുതൽ അഞ്ചാം ബാച്ച് എംബിബിഎസ് കോഴ്സുകൾക്കുള്ള അംഗീകാരമാണ് ഈവർഷം ലഭ്യമാക്കേണ്ടിയിരുന്നത്. ഇതിനായി മുൻവർഷങ്ങളിലേതുപോലെ സമയബന്ധിതമായി മെഡിക്കൽ കൗൺസിലിന് അപേക്ഷ സമർപ്പിക്കുകയും മെഡിക്കൽ കൗൺസിൽ പരിശോധന 2017 ആഗസ‌്ത‌്, ഡിസംബർ മാസങ്ങളിലായി പൂർത്തീകരിക്കുകയുംചെയ‌്തു. ഇതിനിടെ 2018 ഏപ്രിൽ 12ന‌ു ചേർന്ന എംസിഎ എക്സിക്യൂട്ടീവ് ഇതിനെതിരെ ശുപാർശ സമർപ്പിക്കുകയും പ്രവേശനം സാധ്യമാക്കാൻ തുടർച്ചയായ ഇടപെടൽ വകുപ്പുതലത്തിൽ നടത്തുകയുംചെയ‌്തു. എന്നാൽ, മെഡിക്കൽ കൗൺസിലിന്റെ രണ്ടാമത്തെ പരിശോധനാ റിപ്പോർട്ടിലും എംസിഐ ഇൻസ്പെക‌്ഷൻ ടീം  സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളൊന്നുംതന്നെ പരിഗണിച്ചില്ല. എസ്സി, എസ്ടി പ്രിൻസിപ്പൽ സെക്രട്ടറി, ഡൽഹിയിലെ റസിഡന്റ് കമീഷണർ, പാലക്കാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവരും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ രേഖാമൂലം അനുമതി ലഭ്യമാക്കുന്നതിനായി നിരന്തരമായ ഇടപെടലാണ് നടത്തിയത്. എന്നാൽ, ഇതൊന്നും പരിഗണിക്കാതെയാണ‌് മെയ‌് 31ന‌്  അനുമതി നിഷേധിച്ച‌് എംസിഐ ഉത്തരവിറങ്ങിയത‌്. ജൂൺ 12ന് പട്ടികജാതിവകുപ്പ‌് മന്ത്രി എ കെ ബാലൻ കേന്ദ്ര ആരോഗ്യമന്ത്രി  ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി തുടർ അനുമതി ലഭ്യമാകുന്നതിന് ആവശ്യമായ നിർദേശം നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം മെഡിക്കൽ കൗൺസിലിന് നിർദേശവും നൽകിയിരുന്നു.  

പാലക്കാട് മെഡിക്കൽ കോളേജിന്റെ ആശുപത്രി ബ്ലോക്ക് നിർമാണം ത്വരിതഗതിയിൽ നടന്നുവരികയാണ്. ഈ സർക്കാർ അധികാരത്തിൽവന്നതിനുശേഷം 310 കോടി രൂപ അനുവദിക്കുകയും നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടപെടലുകൾ നടത്തിയിട്ടുമുണ്ട‌്.  മെഡിക്കൽ കോളേജിന് ആവശ്യമായ 281 തസ്തികകളും സൃഷ്ടിച്ച‌് ഒഴിവുണ്ടായിരുന്ന 37 അധ്യാപകതസ്തികകളിൽ സുതാര്യ നിയമനം നടത്തി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വ്യവസ്ഥകൾ അനുസരിച്ച് നാലാമത്തെ റിന്യൂവൽ ലഭിക്കുന്നതിനുവേണ്ട 24 അധ്യാപക തസ്തികകൾകൂടി പുതുതായി സൃഷ്ടിച്ച‌ും സർക്കാർ ഉത്തരവായിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top