22 September Saturday

കൂടുതൽ എംബിബിഎസ‌് സീറ്റ‌് സർക്കാരിന‌് ലഭിക്കും ; മെഡിക്കല്‍ മാനേജുമെന്റുമായി ധാരണ

സ്വന്തം ലേഖകൻUpdated: Thursday Jun 21, 2018



സംസ്ഥാനത്ത‌് 2018ലെ മെഡിക്കൽ പ്രവേശനം സുഗമമായി നടത്താൻ സ്വാശ്രയ മെഡിക്കൽ മാനേജുമെന്റുമായി സർക്കാർ ധാരണയിലെത്തി. ആരോഗ്യമന്ത്രി കെ കെ ശൈലജ സ്വാശ്രയ മാനേജുമെന്റ‌് പ്രതിനിധികളുമായി ബുധനാഴ‌്ച നടത്തിയ ചർച്ചയിൽ പൊതുവിഭാഗത്തിൽ കഴിഞ്ഞവർഷം മാനേജുമെന്റുകൾ സർക്കാരിന് വിട്ടുനൽകിയ സീറ്റുകൾ അതുപോലെ നിലനിർത്താൻ ധാരണയായി.

കഴിഞ്ഞതവണ പൊതുവിഭാഗത്തിൽ നൽകിയ സീറ്റുകൾ ഇത്തവണ നൽകാനാകില്ലെന്ന‌് മാനേജ‌്മെന്റുകൾ അറിയിച്ചതിനെ തുടർന്നാണ‌് സർക്കാർ ചർച്ചയ‌്ക്ക‌് തയ്യാറായത‌്.

ചർച്ചയ‌്ക്കൊടുവിൽ മാനേജ‌്മെന്റുകൾ നിലപാട‌് തിരുത്തുകയായിരുന്നു. അതേസമയം ന്യൂനപക്ഷപദവിയുള്ള കോളേജുകളിൽ ചിലവ  കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സീറ്റുകൾ  സർക്കാരിന‌് നൽകാമെന്ന‌് സമ്മതിച്ചിട്ടുണ്ട‌്.

സ്വാശ്രയ കോളേജുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ  മാനേജുമെന്റുകൾ അവതരിപ്പിച്ചു. ഫീസ് ഘടനയിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത പല മാനേജുമെന്റുകളും പറഞ്ഞെങ്കിലും നീറ്റ് മെറിറ്റിന്റേയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിൽ മാത്രമേ മുന്നോട്ടുപോകൂ എന്ന‌് മന്ത്രി വ്യക്തമാക്കി. ഫീസ് റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസിൽ മാറ്റം വരുത്തില്ല.  

പ്രവേശനസമയത്ത് എൻട്രൻസ് കമീഷണർ മുമ്പാകെ അടയ്ക്കുന്ന ഫീസ് കാലതാമസംകൂടാതെ മാനേജുമെന്റുകൾക്ക് ലഭിക്കാനുള്ള നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകി. എസ്എസി, എസ്ടി വിഭാഗത്തിലുള്ള ഫീസ് കോളേജുകൾക്ക് യഥാസമയം ലഭിക്കുന്നില്ലെന്നും കുടിശ്ശികയുണ്ടെന്നും മാനേജ്‌മെന്റുകൾ പറഞ്ഞു.
ഇക്കാര്യം കോളേജുകൾ എഴുതിത്തരുന്ന മുറയ്ക്ക് പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാനും മന്ത്രി നിർദേശം നൽകി.

എംസിഐ അംഗീകാരം നഷ്ടപ്പെട്ട കോളേജുകൾ അംഗീകാരം നേടിയെടുക്കാൻ ശ്രമം നടത്തിവരുന്നതായി സ്വാശ്രയ മാനേജുമെന്റുകൾ അറിയിച്ചു.
സ്വാശ്രയ കോളേജുകളിലെ സമർഥരും സാമ്പത്തികമായി വളരെയധികം പിന്നോക്കംനിൽക്കുന്ന കുടുംബത്തിലെ എംബിബിഎസ് വിദ്യാഥികളുമായവർക്ക‌് സ്‌കോളർഷിപ‌് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അഡ്മിഷൻ ആൻഡ‌് ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപസ് ഫണ്ട് രൂപീകരിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം സ്വാശ്രയ കോളേജുകളിൽ മെറിറ്റിൽ പ്രവേശനം നേടുന്ന ബിപിഎൽ വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികളുടെയും വാർഷിക ഫീസ‌് സ‌്കോളർഷിപ്പായി സർക്കാർ നൽകും.

ചർച്ചയിൽ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ ,  പ്രവേശന  കമ്മീഷണർ പി കെ സുധീർബാബു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ  എ  റംലാബീവി, ജോയിന്റ‌്  ഡയറക്ടർ ഡോ  ശ്രീകുമാരി മെഡിക്കൽ മാനേജ്‌മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

മെഡിക്കലിന‌് 943 സർക്കാർ സീറ്റ‌്; എൻജി. 32,000 സീറ്റ‌്
എംബിബിഎസിന‌് എട്ട‌് സർക്കാർ മെഡിക്കൽ കോളേജുകളിലായി 943 സീറ്റും 16 സ്വാശ്രയ മെഡിക്കൽ കോളേജുകളിലായി 1700 സീറ്റും ഉൾപ്പെടെ 2463 സീറ്റാണ‌് ഉള്ളത‌്.  ഏതാനും സ്വാശ്രയ കോളേജുകളിൽ  നിലവിലുള്ള സീറ്റുകളിൽ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭ്യമാകുന്ന മുറയ‌്ക്ക‌് പ്രവേശന നടപടികൾ സാധ്യമാകും.എൻജിനിയറിങ്ങിന‌് സർക്കാർ, എയ‌്ഡഡ‌്, സർക്കാർ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളിലായി 52,000 സീറ്റുള്ളതിൽ 32,000 സീറ്റിലേക്കാണ‌് പ്രവേശന കമീഷണർ അലോട്ട‌്മെന്റ‌് നടത്തുന്നത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top