Top
24
Saturday, February 2018
About UsE-Paper

പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം; ഭൂമിയിടപാട് വിഷയത്തില്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികരണം

Sunday Jan 21, 2018
വെബ് ഡെസ്‌ക്‌

കൊച്ചി >  ഏതാനും നാളുകള്‍ക്കുള്ളില്‍ ഭൂമിയിടപാട് സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി. താനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച അദ്ദേഹം വിശ്വാസികളുടെ പ്രാര്‍ത്ഥന ആവശ്യപ്പെടുകയും ചെയ്തു.

അതിരൂപതയുടെ ഉടമസ്ഥതയിലുള്ള 4 പ്ലോട്ടുകള്‍ വിറ്റതില്‍ അഴിമതി നടന്നതായാണ് ആരോപണം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് സഭാ നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മോണ്‍സിഞ്ചോര്‍ പദവികളിലുള്ള രണ്ട് പേരെ മാറ്റി നിര്‍ത്തി. ഇതിനിടെയാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വിവാദ ഇടപാടില്‍ പങ്കുള്ളതായി ആരോപിച്ച് വൈദികര്‍ രംഗത്തെത്തിയത്.

കര്‍ദ്ദിനാളിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപാടില്‍ രൂപതയുടെ 4 സ്ഥലങ്ങള്‍ വില്‍പന നടത്തിയിരുന്നു. 70 കോടി രൂപ വിലമതിക്കുന്ന ഭൂമി കേവലം 27 കോടി രൂപക്കാണ് വില്‍പന നടത്തിയത്. മാത്രവുമല്ല സഭക്ക് ലഭിച്ചതാകട്ടെ വെറും 9 കോടി രൂപ മാത്രവും. ബാക്കി പണത്തിന് പകരമായി ആര്‍ക്കും വേണ്ടാത്ത, നിയമപ്രശ്‌നങ്ങളുള്ള ഭൂമി സഭയുടെ തലയില്‍ കെട്ടിവെച്ചു. ഇതിന്റെ ബാധ്യത തീര്‍ക്കാന്‍ സഭയ്ക്ക് കോടികള്‍ ബാങ്ക് വായ്പ എടുക്കേണ്ടി വന്നു. ഇതോടെ സഭ കടക്കെണിയിലായി. വിറ്റ ഭൂമിയുടെ 36 ആധാരങ്ങളിലും ഒപ്പുവച്ചിരിക്കുന്നത് കര്‍ദ്ദിനാള്‍ ആലഞ്ചേരിയാണെന്ന് വൈദികര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ദ്ദിനാളും അടുപ്പമുള്ള ഏതാനും പേരും മാത്രമാണ് ഇടപാടുകളെക്കുറിച്ച് യഥാസമയം അറിഞ്ഞത്. ഭുമി വില്‍പന നടത്തുന്നതിന് മുന്‍പ് സഭാവേദികളിലൊന്നും ചര്‍ച്ച ചെയ്തിട്ടില്ലന്ന് വൈദികര്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെതിരെ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം നടന്നിരുന്നു. വൈദീകരുടെയും വിശ്വാസികളുടെയും പുതിയ സംഘടനയാണ് ലഘുലേഖ വിതരണംചെയ്തത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവടങ്ങളും വസ്തുതകളും എന്ന പേരിലായിരുന്നു ലഘുലേഖ.

ആലഞ്ചേരിയും രണ്ടു വൈദികരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടം. മാര്‍ വര്‍ക്കി വിതയത്തില്‍ മെഡിക്കല്‍ കോളേജ് വേണ്ടെന്ന് തീരുമാനമെടുത്തിരുന്നു. ആ തീരുമാനം വകവെയ്ക്കാതെയാണ് ആലഞ്ചേരി പദ്ധതിയുമായി മുന്നോട്ട് പോയതെന്നും ലഘുലേഖയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികരണം.