14 December Friday

മഞ്ഞുമ്മൽ പള്ളിയിലെ തിരുവാഭരണങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള മഞ്ഞുമ്മൽ പള്ളി മാതാവിന്റെയും ഉണ്ണീശോയുടെയും തിരുവാഭരണങ്ങൾ ഫാ. വർഗീസ് കണിച്ചുകാട്ട് മന്ത്രി ഇ പി ജയരാജന് കൈമാറുന്നു

കളമശേരി
പെരുന്നാൾ ദിനത്തിൽ മഞ്ഞുമ്മൽ പള്ളിയിലെ മാതാവിന്റെയും ഉണ്ണീശോയുടെയും  രൂപത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങൾ ഇനി നവ കേരള നിർമിതിക്ക‌്. അമലോത്ഭവ മാതാ ആശ്രമ ദേവാലയത്തിലെ തിരുവാഭരണങ്ങളാണ‌്  വെള്ളപ്പൊക്ക ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന നൽകിയത‌്. വിശ്വാസികൾ പലപ്പോഴായി സമർപ്പിച്ച  25 പവനോളം സ്വർണമുപയോഗിച്ചുണ്ടാക്കിയ രണ്ട് മാല വ്യാഴാഴ്ച രാവിലെ  പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ  വികാരി ഫാ. വർഗീസ് കണിച്ചുകാട്ട് മന്ത്രി ഇ പി ജയരാജന് കൈമാറി. പ്രളയ ദുരിതമനുഭവിക്കുന്ന മക്കൾക്ക് അമ്മയുടെ ആഭരണങ്ങൾ ഊരി നൽകുകയാണെന്ന് ഫാ. വർഗീസ് കണിച്ചുകാട്ട് പറഞ്ഞു.  ഈ സൽപ്രവർത്തിയിലൂടെ ഇടവകാംഗങ്ങൾക്കും  വൈദികർക്കും എന്നും ജനമനസ്സുകളിൽ ഇടമുണ്ടാകുമെന്ന് മന്ത്രി ജയരാജൻ പറഞ്ഞു. ആഭരണങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ രണ്ടാഴ്ച മുമ്പ്തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന് വരാപ്പുഴ ബിഷപ്പിന്റെ അനുമതി വേണമായിരുന്നു.  അനുമതി ലഭിച്ചതോടെയാണ‌് ആഭരണങ്ങൾ  വ്യാഴാഴ‌്ച കൈമാറിയത്. ചടങ്ങിൽ അസിസ്റ്റന്റ് വികാരി പ്രവീൺ ഡിക്കൂത്ത, ഫാ. ബൈജു, കേന്ദ്ര കമ്മിറ്റി ലീഡർ ജോർജ് കോതേത്ത്, അസിസ്റ്റന്റ് ലീഡർ സാന്റിൻ ആന്റണി, അഗങ്ങളായ കെ എ ലോറൻസ്, ഡിനോ ഡേവിഡ്, റോസിലി ജോസഫ്, റോസിലി സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
Top