18 November Sunday

മഞ്ചേരി മെഡിക്കല്‍ കോളേജ് സ്റ്റോര്‍ കോംപ്ലക്‌സിന് 2.5 കോടി

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018



സ്വന്തം ലേഖകൻ
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ സ്റ്റോർ കോംപ്ലക‌്സ‌്  സ്ഥാപിക്കാൻ രണ്ടരക്കോടി രൂപയുടെ ഭരണാനുമതിയായി.
മെഡിക്കൽ കോളേജ് ആശുപത്രിക്ക‌് ആവശ്യമായ മരുന്നുകൾ, ഡയാലിസിസ് ചെയ്യാൻ ആവശ്യമായ ഫ്‌ളൂയിഡുകൾ, കെമിക്കലുകൾ, ഓപ്പറേഷൻ തിയറ്ററിന‌് ആവശ്യമായ സാമഗ്രികൾ, ശുചീകരണസാധനങ്ങൾ, മറ്റ് ആശുപത്രി ഉപകരണങ്ങൾ തുടങ്ങിയവ പ്രത്യേകമായി സൂക്ഷിക്കാനായാണ് സ്റ്റോർ കോംപ്ലക്‌സ് സ്ഥാപിക്കുന്നത്. ഒരുവർഷത്തേക്കുള്ള ആശുപത്രി സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലപരിമിതി കാരണവും എംസിഐ നിർദേശപ്രകാരവുമാണ് സ്റ്റോർ കോംപ്ലക്‌സ് സ്ഥാപിക്കുന്നത്. 7000 സ്‌ക്വയർ ഫീറ്റിൽ മൂന്നുനിലകളിലായാണ് സ്റ്റോർ കോംപ്ലക്‌സ് നിർമിക്കുകയെന്ന‌് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഓഫീസ്, സ്റ്റോർ ഓഫീസ്, സ്റ്റോക്കിങ‌് ഏരിയ എന്നിവയാണുള്ളത്. 2, 3 നിലകളിൽ ആശുപത്രിമരുന്നുകളും സാമഗ്രികളും ശാസ്ത്രീയമായി സൂക്ഷിക്കാൻ കഴിയുന്ന നവീന രീതിയിലുള്ള സ്റ്റോർ കോംപ്ലക‌്സായിരിക്കും. മരുന്നുകളുടെ കാലാവധി തിരിച്ചറിയാനും സ്റ്റോക്ക് വിവരങ്ങൾ അറിയാനും കംപ്യൂട്ടർവൽക്കരിക്കുകയും ചെയ്യും. ഒരുവർഷത്തിനകം ഇത് പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മതിയായ സൗകര്യങ്ങളൊരുക്കാതെയാണ് കഴിഞ്ഞ സർക്കാർ ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി ഉയർത്തിയത്. ഈ സർക്കാർ അധികാരമേറ്റശേഷം അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് എംസിഐ നിർദേശിച്ചപ്രകാരമുള്ള കുറവുകൾ പരിഹരിക്കുകയും അധ്യാപക തസ്തികയിലുള്ള ഒഴിവുകൾ പൂർണമായും നികത്തുകയും ചെയ്തു.  മഞ്ചേരി മെഡിക്കൽ കോളേജിനെ 2020ഓടെ മികവിന്റെ കേന്ദ്രമാക്കാൻ 103 കോടിയുടെ പദ്ധതിയാണ‌് സർക്കാർ  ലക്ഷ്യംവയ്ക്കുന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകൾ, ഓഡിറ്റോറിയം, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, നോൺ ടീച്ചിങ‌് സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഫുട്‌ബോൾ ഗ്രൗണ്ട് തുടങ്ങിയവയാണ് ഇവയിൽ പ്രധാനം. മെഡിക്കൽ കോളേജിന്റെ മുഖച്ഛായ മാറ്റുന്ന 50 കോടിയുടെ ഒപി ബ്ലോക്കിന് ആദ്യഘട്ടമായി 5.2 കോടി രൂപ അനുവദിച്ചു. 3600 സ്‌ക്വയർ മീറ്ററിലുള്ള ഇൻവെസ്റ്റിഗേഷൻ ബ്ലോക്കിനാവശ്യമായ 15 കോടിയിൽ മൂന്നുകോടി രൂപ അനുവദിച്ചു. നാൽപ്പതുലക്ഷം രൂപയുടെ മോർച്ചറി കോംപ്ലക്‌സ്, മൂന്നുകോടി രൂപയുടെ റസിഡൻസ് ക്വാർട്ടേഴ്‌സ്, 2.7 കോടിയുടെ സിടി സ്‌കാനർ, 7 കോടിയുടെ കാർഡിയോ തൊറാസിക് ബ്ലോക്ക് തുടങ്ങിയവയുടെ നിർമാണം ഉടൻ തുടങ്ങും. കാത്ത് ലാബും അനുവദിച്ചിട്ടുണ്ട്. ബൈപാസുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് ഉടൻ യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ‌്.

പ്രധാന വാർത്തകൾ
Top