20 October Saturday

മംഗലം ഡാമിന് സമീപം കെണിയിൽ വീണ പുലി ചത്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018

മംഗലം ഡാം ഓടന്തോട‌് റബർതോട്ടത്തിൽ കെണിയിൽ കുടുങ്ങിയ പുലിയെ മയക്കു വെടി വെച്ച ശേഷം ഫോട്ടോ: പി വി സുജിത‌്

പാലക്കാട‌് > വടക്കഞ്ചേരി മംഗലം ഡാമിൽ സംരക്ഷിതവനത്തിന‌് സമീപം സ്വകാര്യ വ്യക്തിയുടെ റബർതോട്ടത്തിൽ കെണിയിൽ കുടുങ്ങിയ പുലിയെ വനപാലകർ രക്ഷിച്ചു.  പരിക്കേറ്റ പുലിയെ ചികിത്സയ്ക്ക് പാലക്കാട്ടെ  വനംവകുപ്പ് ഡിവിഷണൽ ഒാഫീസിലേക്ക്  കൊണ്ടുവരുന്നതിനിടെ ചത്തു. 

ഒാടന്തോട‌് റബർതോട്ടത്തിനുസമീപം വച്ച കമ്പിവേലിയിൽ   ആക‌്സിലേറ്റർ കേബിൾ ഉപയോഗിച്ച‌്  ഒരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്. തിങ്കളാഴ‌്ച രാവിലെ   ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ‌് പുലിയെ കണ്ടത്. ടാപ്പിങ്ങിനിടെ പുലിക്ക‌് അടുത്തെത്തിയ തമിഴ‌്നാട‌് സ്വദേശി  പുലിയുടെ ഞരക്കം കേട്ട‌് ഭയന്നോടുകയായിരുന്നു. തുടർന്ന‌് നാട്ടുകാരെയും വനംവകുപ്പിനേയും അറിയിച്ചു. പുലിയുടെ വയറിന്റെഭാഗം കേബിളിൽ മുറുകിയതിനെ തുടർന്ന് പുലി  അവശനിലയിലായിരുന്നു. നെന്മാറ ഡിഎഫ‌്ഒ സി  ശശികുമാറിന്റെ നേതൃത്വത്തിൽ വനംവകുപ്പ‌് ഉന്നത ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.

പാലക്കാട‌് നിന്ന‌് വെറ്ററിനറി ഡോക്ടർ മിഥുനും തൃശൂർ വെറ്ററിനറി സർവകലാശാലയിൽനിന്ന‌് മയക്കുവെടി വിദഗ‌്ധനും എത്തി. പകൽ 11 ഓടെ ആദ്യ മയക്കുവെടിവച്ചു. എന്നാൽ   ശരീരത്തിൽ  കേബിൾ ശക്തമായി മുറുകിയതിനാൽ പുലിയുടെ ശരീരത്തിലെ  രക്തഓട്ടം ഭാഗികമായി നിലച്ചിരുന്നു. അതിനാൽ മരുന്ന‌് ശരീരത്തിൽ കയറിയില്ല. വീണ്ടും ഒരു മണിക്കൂറിന‌് ശേഷം രണ്ടാമതും മയക്കുവെടിവച്ചെങ്കിലും അതും ഏറ്റില്ല. ഒരുമണിക്കൂറിന‌് ശേഷം കഴുത്തിന‌് താഴെ വീണ്ടും മയക്കുവെടിവച്ചാണ് പുലിയെ  മയക്കിയത്.

തുടർന്ന്  പുലിയെ കൂട്ടിൽകയറ്റി. മണിക്കൂറുകളോളം കമ്പിവേലിക്കിടയിലെ കെണിയിൽ തൂങ്ങിക്കിടന്നതിനാൽ ജീവന‌് ഭീഷണിയുണ്ടെന്ന‌് സംശയമുണ്ടായിരുന്നു. തൃശൂർ മൃഗശാലയിലെത്തിച്ച്  തുടർ ചികിത്സനടത്താൻ സംവിധാനവും ഒരുക്കി. ആദ്യം പാലക്കാട‌് ഡിവിഷണൽ ഫോറസ‌്റ്റ‌് ഓഫീസിലെത്തിച്ച‌് ചികിത്സ  നൽകാൻ പാലക്കാട്ടേക്ക്  കൊണ്ടുവരും വഴിയാണ‌് പുലി  ചത്തത‌്. വൈകിട്ടോടെ പോസ‌്റ്റ‌്മോർട്ടം നടത്തി. ജഡം ധോണി വനമേഖലയിലേക്ക‌് മാറ്റുമെന്ന്  അധികൃതർ അറിയിച്ചു.

മംഗലംഡാം  ഒാടന്തോട‌് മേഖല വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ‌്. എന്നാൽ പുലി ശല്യം ഈ ഭാഗത്ത് നേരത്തെ ഉണ്ടായിരുന്നില്ല. അതിനാൽ കെണിവച്ചതിന് നിയമനടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

 


പ്രധാന വാർത്തകൾ
Top