11 December Tuesday

സുനിൽ പി ഇളയിടത്തിനെതിരായ ആക്രമണം സാംസ്കാരികപ്രവർത്തക്കെതിരെയുള്ള സംഘടിതമായ ആക്രമണത്തിന്റെ ഒടുവിലത്തെ ഉദാഹരണം: മലയാള ഭാഷാ പ്രചാരണ സംഘം

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018

മുംബൈ > സാംസ്കാരിക ചിന്തകനും പ്രഭാഷകനുമായ ഡോ. സുനിൽ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ മലയാള ഭാഷാ പ്രചാരണ സംഘം പ്രതിഷേധം രേഖപ്പെടുത്തി. അവശേഷിക്കുന്ന പച്ചത്തുരുത്തായ കേരളത്തിന്റെ പൊതുമണ്ഡലത്തെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കീഴടക്കാൻ ശ്രമിക്കുന്ന ഒരുപറ്റം കുബുദ്ധികളുടെ  ഒടുവിലത്തെ ഇരയാണ് സുനിൽ പി ഇളയിടമെന്ന്‌ സംഘം പ്രസ്‌താവനയിൽ പറഞ്ഞു.

കാലടി സംസ്കൃത സർവ്വകലാശാലയിൽ അദ്ധ്യാപകൻ കൂടിയായ ഡോ. സുനിൽ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ നടന്ന ആക്രമണം സാംസ്കാരികപ്രവർത്തകർക്ക് നേരെ നടക്കുന്ന സംഘടിതമായ ആക്രമണത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്. തന്റെ സരളമായ ഭാഷയിൽ ഗഹനമായ ചിന്തകൾ പങ്കുവച്ച് സംസ്കാരിക വിമർശനത്തിന്റെ പുതിയ പാഠങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത് ഉൾക്കൊള്ളാൻ കഴിയാത്തവരാണ് ആക്രമണം നടത്തിയത്. ആശയപരമായി നേരിടാൻ കഴിയാത്ത ഭീരുക്കൾ ഈ അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ജീവന് നേരെയും ഭീഷണിയുയർത്തിയിരുന്നു.

കേരളത്തിലും പുറത്തും മതേതരമായ ജീവിതരീതികൾക്ക് ഭീഷണിയുയർത്തിക്കൊണ്ട് ജാതി-മത-വർഗ്ഗീയ കക്ഷികൾ അഴിഞ്ഞാടുമ്പോൾ ശക്തമായ പ്രതിരോധം തീർക്കേണ്ടത് മനുഷ്യസ്നേഹികളായ മുഴുവൻ പേരുടേയും കടമയാണ്‐ പ്രസ്‌താവനയിൽ പറഞ്ഞു. ആക്രമണത്തിൽ പങ്കാളികളായ മുഴുവൻ പേരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും മലയാള ഭാഷാ പ്രചാരണ സംഘം ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top