Top
18
Wednesday, October 2017
About UsE-Paper
സിപിഐ എമ്മിനെതിരായ ആര്‍എസ്എസ് പ്രമേയം

കേരളത്തെ പരീക്ഷണശാലയാക്കാന്‍ അനുവദിക്കാത്തതിലെ അരിശം: കോടിയേരി

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > കാവിപ്പടയുടെ പരീക്ഷണശാലയായി കേരളം മാറാത്തതിലുള്ള അരിശമാണ് സിപിഐ എമ്മിനെതിരായ പ്രമേയത്തിലൂടെ ആര്‍എസ്എസ് ദേശീയ പ്രതിനിധിസഭ പ്രകടിപ്പിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

രക്തം ഇറ്റുവീഴുന്ന കൊലക്കത്തി ഒളിപ്പിച്ച് കൊലയാളികള്‍തന്നെ അക്രമവിരുദ്ധ സുഭാഷിതം നടത്തുന്ന കാപട്യമാണ് കോയമ്പത്തൂരിലെ ആര്‍എസ്എസ് വേദിയില്‍ കണ്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒമ്പതുമാസത്തിനകം ഒമ്പത് കൊലപാതകങ്ങള്‍ ആര്‍എസ്എസ് നടത്തി.

സിപിഐ എമ്മിന്റെമാത്രം 209 പ്രവര്‍ത്തകരെയാണ് വിവിധ ദശകങ്ങള്‍ക്കുള്ളില്‍ ആര്‍എസ്എസുകാര്‍ കശാപ്പുചെയ്തത്. കോണ്‍ഗ്രസിന്റെയും മുസ്ളിംലീഗിന്റെയും എസ്ഡിപിഐയുടെയും ജനതാദള്‍ യുവിന്റെയും പ്രവര്‍ത്തകരെയും സംഘപരിവാര്‍ കശാപ്പുചെയ്തിട്ടുണ്ട്. എതിരെ ശബ്ദിക്കുന്ന ആരെയും ഇല്ലാതാക്കുന്ന കൊലയാളിസംഘമാണ് ആര്‍എസ്എസ്. ഇത് മറച്ചുവച്ചാണ് കേരളത്തില്‍ സിപിഐ എം അക്രമം അഴിച്ചുവിടുന്നുവെന്ന കല്ലുവച്ച നുണ ആര്‍എസ്എസിന്റെ ദേശീയ പ്രതിനിധിസഭ ഉന്നയിച്ചത്.

നാട്ടില്‍ വര്‍ഗീയലഹള സൃഷ്ടിക്കുകയും അതുവഴി പരക്കുന്ന ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും നടുവില്‍ സംഘടന വളര്‍ത്തുകയുമാണ് ആര്‍എസ്എസ് ശൈലി. ഇതുപ്രകാരമാണ് തലശേരിയില്‍ വര്‍ഗീയകലാപം സൃഷ്ടിച്ചത്. അതിനെ പ്രതിരോധിക്കാനും മാനവഐക്യം സംരക്ഷിക്കാനും മുന്‍നിന്ന് പ്രവര്‍ത്തിച്ചത് സിപിഐ എമ്മാണ്. വര്‍ഗീയ കലാപകാരികള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ച സിപിഐ എം പ്രവര്‍ത്തകനായിരുന്ന യു കെ കുഞ്ഞിരാമനെ സംഘപരിവാര്‍ വകവരുത്തി. മാറാട് കലാപം, പൂന്തുറ കലാപം, പാലക്കാട് കലാപം തുടങ്ങിയ സംഭവങ്ങളിലെല്ലാം ആര്‍എസ്എസിന് കുറ്റകരമായ പങ്കാണുള്ളത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുമാത്രം 27 കൊലപാതകങ്ങള്‍ ആര്‍എസ്എസ് നടത്തി. അന്ന് 68 വയസ്സുള്ള സരോജിനിയമ്മമുതല്‍ നെയ്യാറ്റിന്‍കരയിലെ എസ്എഫ്ഐ നേതാവിന്റെ അച്ഛന്‍ നാരായണന്‍നായരും എട്ടുവയസ്സുകാരന്‍ കാഞ്ഞങ്ങാട്ടെ ഫഹദുംവരെ കശാപ്പുചെയ്യപ്പെട്ടു. ഒളിഞ്ഞും തെളിഞ്ഞും യുഡിഎഫ് ഭരണം ആര്‍എസ്എസിന് സഹായം നല്‍കി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം സമാധാനം തകര്‍ക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ആര്‍എസ്എസ് വ്യാപകമായ ആക്രമണങ്ങളാണ് നടത്തിയത്. അക്രമികള്‍ക്ക് കുടപിടിക്കാന്‍ ഭരണസംവിധാനം തയ്യാറായില്ല. അക്രമവും കൊലപാതകവും നടത്തുന്ന ആര്‍എസ്എസ് നടപടിക്ക് വിരാമമിടണമെന്ന ബഹുജനാഭിപ്രായം നാട്ടില്‍ ശക്തിപ്പെട്ടു. സമാധാനജീവിതം സംരക്ഷിക്കാനും സംഘര്‍ഷം ഒഴിവാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ഥമായ ഇടപെടലാണ് നടത്തിയത്.

ഈ സമാധാന പരിശ്രമങ്ങളെ തുരങ്കംവയ്ക്കുന്ന നടപടികളില്‍നിന്ന് സംഘപരിവാര്‍ പിന്‍വാങ്ങണം. പാര്‍ടി ഓഫീസുകളില്‍ കയറി ആക്രമണം നടത്തുക, സ്ത്രീകളെ മര്‍ദിക്കുക, ചുവന്ന വസ്ത്രം ധരിച്ച് അമ്പലത്തില്‍ പോയവരെപ്പോലും തല്ലുക തുടങ്ങിയ അരാജകപൂര്‍ണമായ നടപടികള്‍ അവസാനിപ്പിക്കണം. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തോട് കൊലക്കത്തി താഴെവയ്ക്കാന്‍ നിര്‍ദേശിക്കുകയാണ് അക്രമവിരുദ്ധപ്രമേയം പാസാക്കുന്ന ആര്‍എസ്എസ് കേന്ദ്രനേതൃത്വം ചെയ്യേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »