18 July Wednesday

മലപ്പുറത്ത് ദുരഭിമാനക്കൊല; വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 22, 2018

കൊല്ലപ്പെട്ട ആതിരയും അച്ഛന്‍ രാജനും

അരീക്കോട് > മലപ്പുറം കീഴുപറമ്പില്‍ വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു. പൂവത്തിക്കണ്ടി ആതിര രാജ് (22)ആണ് കൊല്ലപ്പെട്ടത്. അച്ഛന്‍ രാജ (48)നെ അരീക്കോട് പൊലീസ് അറസ്റ്റുചെയ്തു. ഇന്ന് വൈകീട്ടാണ് സംഭവം.

ഇതര സമുദായത്തില്‍പെട്ട കൊയിലാണ്ടിയിലെ യുവാവുമായി ആതിര അടുപ്പത്തിലായിരുന്നു. വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നതിനാല്‍ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. പത്തു ദിവസം മുമ്പ് പ്രശ്നം പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെ, വീട്ടുകാര്‍ വിവാഹം നടത്താന്‍ സമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ സമീപത്തെ അമ്പലത്തില്‍ വിവാഹം നടത്താനും തീരുമാനമായി. എന്നാല്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് അച്ഛനും മകളും തമ്മില്‍ ഇതിന്റെ പേരില്‍
വാക്കുതര്‍ക്കമുണ്ടായി രാജന്‍ ആതിരയെ ആക്രമിക്കുകയായിരുന്നു. ഭയന്ന ആതിര അയല്‍വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രാജന്‍ പിന്നാലെയെത്തി കുത്തുകയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. സംസ്‌കാരം അതിനുശേഷം.സംസ്‌കാരം അതിനുശേഷം. ആതിര മഞ്ചേരി മെഡിക്കല്‍ കോളേജ് ഡയാലിസിസ് യൂണിറ്റില്‍ ദിവസവേതന ജോലിക്കാരിയാണ്. അമ്മ സുനിത. സ്‌കൂള്‍ വിദ്യാര്‍ഥികളായ അശ്വിന്‍ രാജ്, അതുല്‍ രാജ് എന്നിവര്‍ സഹോദരങ്ങള്‍.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top