25 September Tuesday

കലൈഞ്ജര്‍ ഇനി ഓര്‍മ; തമിഴകം വിടനല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

ചെന്നൈ > ദ്രാവിഡ രാഷ്‌ട്രീയത്തിന് വഴികാട്ടിയായി നിന്ന തമിഴ്‌സൂര്യന്‍ അസ്തമിച്ചു. ജനസഹസ്രങ്ങളെ സാക്ഷിയാക്കി ചെന്നൈ മറീനാ ബീച്ചിലെ അണ്ണാ സ്മാരകത്തിന് സമീപം സംസ്‌കരിച്ചു. എല്ലാ ഔദ്യോഗിക ബഹുമതികളോടുകൂടിയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

വിലാപയാത്ര കടന്നുപോയ വഴിയരികില്‍ വന്‍ജനാവലിയാണ് കാത്തുനിന്നത്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി  ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി ആയിരങ്ങളാണ് മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്കും പകല്‍ മുഴുവന്‍ ഒഴുകിയെത്തിയത്.

കരുണാനിധിയുടെ അന്തിമോപചാര ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചു. കരുണാനിധിയെ അവസാനമായി ഒരുനോക്കു കാണാന്‍ അണികള്‍ കൂട്ടമായി തള്ളിക്കയറിയതോടെ രാജാജി ഹാളിനു മുന്നില്‍ സംഘര്‍ഷമുടലെടുത്തു. ചെറിയ തോതില്‍ പൊലീസ് ലാത്തിവീശി.  ഉച്ചയോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.

കലൈഞ്ജറുടെ മൃതദേഹം മറീന ബീച്ചില്‍ സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് പ്രതിധേഷത്തിന് ഇടയാക്കിയിരുന്നു. ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയില്‍ തന്നെയാവുമെന്ന് ഉറപ്പായത്.



 

പ്രധാന വാർത്തകൾ
Top