23 September Sunday

കോടതി ഉത്തരവായി; കരുണാനിധിയുടെ സംസ്‌കാരം മറീനാ ബീച്ചിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

ചെന്നൈ> ഡിഎംകെ അധ്യക്ഷനും ദ്രാവിഡരാഷ്ട്രീയത്തിലെ അതികായനുമായ എം കരുണാനിധിയുടെ മൃതദേഹം മറീനാബീച്ചിൽ സംസ്‌കരിക്കാൻ  തീരുമാനമായി. സംസ്‌കാരത്തിന്‌ മറീനാ ബിച്ചിൽ സ്‌ഥലമനുവദിക്കാനാവില്ലെന്ന സർക്കാർ നിലപാടിനെതിരെ ഡിഎംകെ നൽകിയ ഹർജിയിൽ മദ്രാസ്‌ ഹൈക്കോടതിയാണ്‌ ഉത്തവരായത്‌. സംസ്‌കാരം മറീനാ ബിച്ചിലെ അണ്ണാ പാർക്കിൽ വൈകിട്ട്‌ ആറിന്‌ നടക്കും 

മദ്രാസ്‌ ഹൈക്കോടതിയിൽ ഇന്നലെ രാത്രി ഒമ്പതിന്‌ നൽകിയ ഹർജിയിൽ രാവിലെയും വാദം തുടരുകയായിരുന്നു.  കേസിൽ തമിഴ് നാട് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ജി.രമേശ്, ജസ്റ്റിസ് എസ്.എസ്.സുന്ദരം എന്നിവരുൾപ്പെട്ട ബെഞ്ചാണു വാദം കേട്ടത്‌. വാദം കേൾക്കുന്ന സമയം മദ്രാസ്‌ ഹൈക്കോടതിയിലും  പരിസരത്തും കനത്ത സുരക്ഷയൊരുക്കിയിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ ഹർജി പരിഗണിച്ച ഹൈക്കോടതി പുലർച്ചെ 1.51ഓടെ വാദം കേൾക്കൽ  രാവിലെ എട്ടിലേക്ക്‌ മാറ്റിയിരുന്നു.

സംസ്‌കാരത്തിനായി ചൈന്നെ സർദാർ പട്ടേൽ റോഡിലെ ഗിണ്ടി ഗാന്ധിമണ്ഡപത്തിന‌് സമീപമാണ്‌ സർക്കാർ സ്‌ഥലമനുവദിച്ചിരുന്നത്‌.  ഏറെക്കാലം തമിഴ‌്നാട‌് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ സംഭാവനകൾ പരിഗണിച്ച‌് സംസ‌്കാരച്ചടങ്ങുകൾക്ക‌് മറീന ബീച്ചിൽ സി എൻ അണ്ണാദുരൈയുടെ സമാധിക്കടുത്തായി സ്ഥലം അനുവദിക്കണമെന്ന‌് ഡിഎംകെ വർക്കിങ‌് പ്രസിഡന്റ‌ും മകനുമായ എം കെ സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട‌് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിയമപ്രശ‌്നങ്ങൾ ഉള്ളതിനാൽ മറീന ബീച്ചിൽ സ്ഥലം അനുവദിക്കാനാകില്ലെന്നാണ‌് സർക്കാർ വിശദീകരണം. പകരം ഗാന്ധിമണ്ഡപത്തിന‌് സമീപം രണ്ട‌് ഏക്കറാണ‌് അനുവദിച്ചിരുന്നത്‌. മുൻ മുഖ്യമന്ത്രിമാരായ എം ജി രാമചന്ദ്രൻ, ജെ ജയലളിത എന്നിവരുടെ സമാധി മറീന ബീച്ചിലാണ‌്.

 കരുണാനിധിക്ക്‌ അന്ത്യാഞ്ജലിയേകാൻ   അനേകായിരങ്ങളാണ്‌ രാജാജി ഹാളിനുമുന്നിൽ തടിച്ചുകൂടിയിട്ടുള്ളത്‌. കരുണാനിധി അന്തരിച്ച കാവേരി ആശുപത്രിക്കുമുന്നിൽ കാവൽനിന്നിരുന്ന അണികൾ അദ്ദേഹത്തെ ഒരുനോക്കുകാണാനായി ഇന്നലെരാത്രിമുതൽ  രാജാജി ഹാളിലേക്കൊഴുകുകയാണ്‌. മകൾ കനിമൊഴിയുടെ വസതിയിൽനിന്നു കലൈജ്ഞരുടെ ഭൗതികദേഹം പുലർച്ചെ അഞ്ചോടെയാണ്‌ രാജാജിഹാളിന്‌ മുന്നിലെത്തിച്ചത്‌. അതിനുമുന്നേ ഹാളിനുമുന്നിൽ ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ എത്തി അന്ത്യോപചാരം അർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയും അന്ത്യോപചാരമർപ്പിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top