19 November Monday

ചരക്കുലോറി സമരം വിപണിയെ ബാധിച്ചുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018


ചരക്കുലോറി സമരം നാലാംദിവസത്തേക്ക‌് കടന്നതോടെ പച്ചക്കറി, പഴം മാർക്കറ്റുകളെ പ്രതികൂലമായി ബാധിച്ചുതുടങ്ങി.  ഞായറാഴ‌്ച മാർക്കറ്റുകൾ അവധിയായിരുന്നെങ്കിലും  തിങ്കളാഴ‌്ചയോടെ പച്ചക്കറി വരവ‌് ഗണ്യമായി കുറയും. ചെറിയ വാഹനങ്ങളിലാണ‌് ഇപ്പോൾ ഇതരസംസ്ഥാനങ്ങളിൽനിന്ന‌് അപൂർവം ലോഡ‌് എത്തുന്നത‌്.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ തടയുന്നതടക്കമുള്ള നടപടികളിലേക്ക‌് നീങ്ങാനാണ‌് ഉടമകളുടെ ആലോചന. നിലവിലുള്ള സ‌്റ്റോക്കുപയോഗിച്ചാണ‌് നിത്യോപയോഗ സാധനങ്ങളുടെ മൊത്തവ്യാപാരം. സ‌്റ്റോക്ക‌് തീരുന്നതോടെ സാധനദൗർലഭ്യവും വിലക്കയറ്റവും ഉണ്ടാകുമെന്നാണ‌് ആശങ്ക.

പാലക്കാട് ജില്ലയിൽ കഞ്ചിക്കോട‌് വ്യവസായ മേഖലയിലടക്കം ചരക്കുനീക്കം പൂർണമായും സ‌്തംഭിച്ചു. വലിയങ്ങാടി മാർക്കറ്റിലേക്ക‌് ചരക്ക‌് വാഹനങ്ങളൊന്നും ഞായറാഴ്ച എത്തിയില്ല. വാളയാർ ചെക്ക‌് പോസ‌്റ്റിൽ തൊണ്ണൂറോളം വാഹനങ്ങൾ മാത്രമാണ‌് എത്തിയത‌്.  ബിവറേജസ‌് കോർപറേഷൻ വെയർഹൗസുകൾ, ഗുഡ‌്സ‌് ഷെഡുകൾ, നിർമാണ മേഖല എന്നിവയിലടക്കം ചരക്കുനീക്കം നിലച്ചു. അവശ്യ സർവീസിനെ പണിമുടക്കിൽ നിന്നൊഴിവാക്കാൻ നിർദേശമുണ്ട‌്.

എന്നാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽകൂടി കേന്ദ്രസർക്കാർ ചർച്ചക്ക‌്തയ്യാറായില്ലെങ്കിൽ ഈ സർവീസും നിർത്തിവയ‌്ക്കാൻ ആവശ്യപ്പെടുമെന്ന‌് സംസ്ഥാനന ലോറി ഓണേഴ‌്സ‌് ഫെഡറേഷൻ അറിയിച്ചു.

പ്രധാന വാർത്തകൾ
Top