20 September Thursday

ചരക്കുനീക്കം നിലച്ചു ; ലോറി സമരം മൂന്നാംദിവസത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018


സ്വന്തം ലേഖകൻ
രാജ്യവ്യാപകമായി തുടരുന്ന ചരക്കുലോറി സമരം മൂന്നാംദിവസത്തിലേക്ക‌്. ശനിയാഴ‌്ചയും സംസ്ഥാനത്ത‌് ചരക്കുനീക്കം പൂർണമായി സ‌്തംഭിച്ചു. സമരം തുടങ്ങുംമുമ്പ‌്  ദൂരദിക്കുകളിൽനിന്ന‌് പുറപ്പെട്ട ചുരുക്കം ലോറികൾ മാത്രമാണ‌് ശനിയാഴ‌്ച  വിവിധ കമ്പോളങ്ങളിൽ എത്തിയത‌്‌.

കോഴിക്കോട‌് വലിയങ്ങാടി, പാളയം പച്ചക്കറി മാർക്കറ്റ‌് തുടങ്ങിയ വ്യാപാരകേന്ദ്രങ്ങളിൽ  ചെറിയ ലോറികൾ മാത്രമേ എത്തിയുള്ളൂ. വരുംദിനങ്ങളിൽ സമരം ശക്തമാക്കുമെന്ന‌് ലോറി ഓണേഴ‌്സ‌് വെൽഫെയർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ‌് കെ കെ ഹംസ അറിയിച്ചു.

സമരം നീണ്ടാൽ നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യമുണ്ടാകും.  പൂഴ‌്ത്തിവയ‌്പിനും കരിഞ്ചന്തയ‌്ക്കും ഇത‌് കാരണമാകുമെന്ന ആശങ്കയുണ്ട‌്. ഒരാഴ‌്ചക്കുള്ള സ‌്റ്റോക്ക‌് മാത്രമേ മൊത്തവ്യാപാരികളുടെ കൈവശമുള്ളൂ. സമരം അടുത്തദിവസം തീർന്നാലും ചരക്കുനീക്കം പൂർണ തോതിലാകാൻ ദിവസങ്ങളെടുക്കും.

പ്രശ‌്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ  മന്ത്രിതലത്തിൽ നടപടിയെടുക്കാത്തതാണ‌് സമരം നീളാൻ കാരണം. കഴിഞ്ഞ ദിവസം  ന്യൂഡൽഹിയിൽ ലോറി ഉടമകളുടെ സംഘടനയുമായി സെക്രട്ടറിതല ചർച്ചയുണ്ടായെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. രണ്ടുമാസത്തേക്ക‌് സമരം നിർത്തണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആവശ്യം. ലോറി ഉടമകൾ ഇത‌് തള്ളി സമരത്തിൽ ഉറച്ചുനിൽക്കുകയാണ‌്. സമരത്തെക്കുറിച്ച‌് രണ്ടുമാസംമുമ്പുതന്നെ കേന്ദ്ര സർക്കാരിനെ സംഘടന അറിയിച്ചിരുന്നു. എന്നാൽ സമരത്തിനാധാരമായ കാരണങ്ങളെക്കുറിച്ച‌് ചർച്ചയ‌്ക്കുപോലും കേന്ദ്രസർക്കാർ വിളിച്ചില്ലെന്നാണ‌് ലോറി ഉടമകളുടെ സംഘടനകൾ പറയുന്നത‌്. അതിനാൽ പ്രശ‌്നത്തിന‌് പരിഹാരമാകുംവരെ സമരം തുടരാനാണ‌് തീരുമാനം.

പ്രധാന വാർത്തകൾ
Top