22 September Saturday

ലോറിസമരം തുടരുന്നു വിലക്കയറ്റഭീതിയിൽ വിപണി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018


കൊച്ചി /കോഴിക്കോട‌് 
ചരക്ക‌്‌ലോറി സമരം അഞ്ചാം ദിവസത്തിലേക്ക‌് കടന്നതോടെ  വ്യാപാര‐വാണിജ്യ മേഖല  പ്രതിസന്ധിയിലേക്ക‌്. ഇതര സംസ്ഥാനങ്ങളിൽനിന്ന‌് ചരക്കുമായെത്തുന്ന വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ  പൊതുവിപണി  വിലക്കയറ്റ ഭീഷണിയിലാണ‌്. അതേസമയം, കേന്ദ്രസർക്കാർ ഇതുവരെ സമരക്കാരുമായി ചർച്ചയ‌്ക്ക‌് തയ്യാറായിട്ടില്ല.  വിവിധ ആവശ്യങ്ങളുന്നയിച്ച‌് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ‌്പോർട്ട‌് കോൺഗ്രസ‌്(എഐഎംടിസി) നേതൃത്വത്തിൽ 20‐നാണ‌് അനിശ‌്ചിതകാല അഖിലേന്ത്യ ലോറി പണിമുടക്ക‌്  തുടങ്ങിയത‌്. കേരളത്തിൽ ലോറി ഓണേഴ‌്സ‌് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിലാണ‌് സമരം.

രാജ്യത്തെ 85 ലക്ഷത്തോളം ചരക്കുവാഹനങ്ങളിൽ ഭൂരിഭാഗവും പണിമുടക്കിൽ പങ്കെടുക്കുന്നു. സംസ്ഥാനത്തിത‌് മൂന്ന‌് ലക്ഷത്തിനടുത്ത‌് വരും. ഇതിൽ രണ്ടുലക്ഷത്തോളം ചെറുകിട ചരക്കുവാഹനങ്ങളും ഉൾപ്പെടും.

സംസ്ഥാനത്തെ അഞ്ച‌് ചെക്ക‌്പോസ‌്റ്റുകൾ വഴി ദിനംപ്രതി എഴുനൂറിനടുത്ത‌് ചരക്കുവാഹനങ്ങളാണ‌് വരുന്നത‌്. ഇത‌് മൂന്നിലൊന്നായി ചുരുങ്ങി‌. വരും ദിവസങ്ങളിൽ പണിമുടക്ക‌് പൂർണമാകുമെന്ന‌് ലോറി ഓണേഴ‌്സ‌് വെൽഫെയർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ‌് കെ കെ ഹംസ പറഞ്ഞു. ചരക്കുവാഹനങ്ങൾ ഹൈവേയിലും മറ്റും നിർത്തിയിട്ടിരിക്കുകയാണ‌്. ലോഡ‌് കയറ്റിയ വാഹനങ്ങളും ഇവയിലുണ്ട‌്. പലയിടത്തും ലോറികളിലെ പച്ചക്കറികൾ അടക്കമുള്ള ചരക്കുകൾ നശിച്ചിട്ടുണ്ട‌്. 

പച്ചക്കറി, പഴം വിപണിയെയാണ‌് ആദ്യ ദിവസങ്ങളിൽ സമരം ബാധിച്ചിരുന്നത‌്. സംസ്ഥാനത്തേക്കുള്ള പച്ചക്കറിരവ‌് ഇപ്പോൾ നിലച്ച മട്ടാണ‌്. വിപണിയിൽ വില കൂടിയിട്ടുണ്ട‌്. കോഴിക്കോട‌് പാളയം മാർക്കറ്റിൽ തിങ്കളാഴ‌്ച പച്ചക്കറി വില കിലോയ‌്ക്ക‌് അഞ്ചുരൂപവരെ വർധിച്ചതായി വ്യാപാരികൾ പറഞ്ഞു.

പ്രധാന വാർത്തകൾ
Top