17 November Saturday

ശാഠ്യം വിട്ടു; രാംസിങ് ചൗഹാൻ കാട്ടി ആ പൊതിഞ്ഞ നീളൻ മീശ

സ്വന്തം ലേഖകൻUpdated: Sunday Jul 8, 2018


കോട്ടയം

ലോകറെക്കോഡിട്ട മീശാവാലാ രാജസ്ഥാൻ സ്വദേശി രാംസിങ് ചൗഹാൻ തന്റെ മീശയുടെ പൂർണരൂപം ഞായറാഴ്ച കുടയംപടി തിരുവാറ്റയിൽ നടക്കുന്ന പൊതുചടങ്ങിൽ പ്രദർശിപ്പിക്കും. മീശ വളർത്തി 2010 ലാണ്  ചൗഹാൻ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചത‌്.  പരമ്പരാഗത രാജസ്ഥാനി വേഷത്തിൽ തലപ്പാവണിഞ്ഞ് മാത്രമേ നീളൻ മീശ കാണിക്കൂവെന്നാണ‌് ജയ്പ്പൂർ സ്വദേശിയായ ചൗഹാന്റെ ശാഠ്യം. പക്ഷേ, കോട്ടയം പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ച അദ്ദേഹം തന്റെ ശാഠ്യത്തിൽ അൽപം അയവുവരുത്തി. തുണി ചുറ്റി ഭദ്രമാക്കിയ മീശ അഴിക്കാതെ നീളം മാത്രം(19 അടി) കാണിച്ചു മാധ്യമപ്രവർത്തകർക്കു മുന്നിൽ ചൗഹാൻ. ഭാര്യ കൈയിൽ കരുതിയ മുഖർശംഖ് വായിച്ചും അദ്ദേഹം കൗതുകം സൃഷ്ടിച്ചു.

ജിജോ എ ജോർജിന്റെ  ഉടമസ്ഥതയിലുള്ള  ഹെയർ സ്റ്റൈലിങ് സലൂൺ കുടയംപടിയിൽ ഞായറാഴ്ച പകൽ രണ്ടിന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് ചൗഹാൻ കേരളത്തിൽ എത്തിയത്.  ഇതേക്കുറിച്ച‌് വിശദീകരിക്കാനാണ‌് ജിജോയ‌്ക്കൊപ്പം ഇദ്ദേഹം പ്രസ് ക്ലബിലെത്തിയത‌്. വാർത്താസമ്മേളനത്തിൽ ചൗഹാന്റെ ഭാര്യ ആശ, ബാബു തോമസ് എന്നിവരും പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top