Top
23
Tuesday, January 2018
About UsE-Paper

ഇതാ, ലോക കേരളസഭ

Saturday Jan 13, 2018
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > ലോകമെമ്പാടുമുള്ള കേരളീയ സമൂഹത്തെയാകെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്ന മഹത്തായ ലക്ഷ്യവുമായി ലോക കേരളസഭ നിലവില്‍ വന്നു. കേരളത്തിനകത്തും പുറത്തുമുള്ള കേരളീയര്‍ എന്ന വേര്‍തിരിവില്ലാതാക്കി 'ഒറ്റലോക കേരളസമൂഹം' കെട്ടിപ്പടുക്കുന്ന ലോക കേരളസഭ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്ന പൊതുവേദിയായി മാറും. നിയമസഭാ സമുച്ചയത്തിലെ പ്രത്യേക വേദിയില്‍ പിറവിയെടുത്ത ലോക കേരളസഭയ്ക്ക് നിയമനിര്‍മാണാധികാരമില്ലെങ്കിലും ഉപദേശാധികാരമുണ്ട്. വെള്ളിയാഴ്ച രാവിലെ 9.30ന് ആരംഭിച്ച പ്രൌഢഗംഭീര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളത്തിലെ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പുറമെ ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രവാസികള്‍ ഉള്‍പ്പെടെ 351 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ലോക കേരളസഭ.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, സഭാനേതാവ് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍, ഉപനേതാവ് കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് പുറമെ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ആന്റോ ആന്റണി എംപി, എം എ യൂസഫലി, എം അനിരുദ്ധന്‍, സി പി ഹരിദാസ്, നടി രേവതി എന്നിവരടങ്ങുന്ന പ്രസീഡിയമാണ് ലോക കേരളസഭയുടെ ആദ്യസമ്മേളനം നിയന്ത്രിക്കുന്നത്. കേരളം ലോകത്തിനു നല്‍കിയ പല മാതൃകകളില്‍ ഏറെ സവിശേഷമാണ് ലോക കേരളസഭാ രൂപീകരണമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇത്തരമൊരു നൂതനമായ പരിശ്രമത്തിന് സര്‍ക്കാരിനെയും അതിനോട് സഹകരിച്ച പ്രതിപക്ഷത്തെയും സ്പീക്കര്‍ അഭിനന്ദിച്ചു.

സഭാ സെക്രട്ടറി ജനറല്‍ കൂടിയായ ചീഫ് സെക്രട്ടറി പോള്‍ ആന്റണി രൂപീകരണ പ്രഖ്യാപനം നടത്തി. ലോക കേരളസഭ പരിഗണിക്കേണ്ട വിഷയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, എം എ യൂസഫലി, രവി പിള്ള, സി കെ മേനോന്‍, ആസാദ് മൂപ്പന്‍, കെ പി മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് എന്നിവര്‍ സംസാരിച്ചു.

ഉദ്ഘാടനത്തിനു ശേഷം അഞ്ചുവേദിയിലായി  ഉപസമ്മേളനങ്ങള്‍ നടന്നു. പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാഷ്ട്രങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റ് ലോക രാഷ്ട്രങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ തിരിച്ചുനടന്ന ഉപസമ്മേളനത്തിനുശേഷം വീണ്ടും പൊതുസമ്മേളനം ആരംഭിച്ചു. ഉപസമ്മേളനത്തില്‍ നടന്ന ചര്‍ച്ചകള്‍ ക്രോഡീകരിച്ച് അതത് സെഷനുകളുടെ പ്രതിനിധികള്‍ സംസാരിച്ചു.

ശനിയാഴ്ച വിവിധ ഉപസമ്മേളനങ്ങള്‍ക്കു ശേഷം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേരുന്ന പൊതുസമ്മേളനം ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനംചെയ്യും. മുഖ്യമന്ത്രി സമാപന പ്രസംഗം നടത്തുന്നതോടെ പ്രഥമ സമ്മേളനത്തിന് പരിസമാപ്തിയാകും.

Related News

കൂടുതൽ വാർത്തകൾ »