18 November Sunday

സാക്ഷരതാമിഷന്റെ ഭാഷാപഠന കോഴ്സുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018


തിരുവനന്തപുരം
തെറ്റില്ലാതെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യംചെയ്യാൻ പഠിപ്പിക്കുന്നതിനായി  സംസ്ഥാന സാക്ഷരതാമിഷൻ ആരംഭിച്ച പച്ചമലയാളം, അഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് കോഴ്സുകളുടെ രണ്ടാം ബാച്ച് രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ സംസ്ഥാനത്ത് മികച്ച പ്രതികരണം. ആദ്യബാച്ച് പരീക്ഷ  29ന‌് നടക്കും. 

രണ്ടാംബാച്ച് രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ ഗുഡ് ഇംഗ്ലീഷ് കോഴ്സിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ നാലിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്; 3636 പേർ. ആദ്യബാച്ചിൽ ഇത് 996 പേരായിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്‐ 1465 പേർ. ഗുഡ് ഇംഗ്ലീഷ് കോഴ്സിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്ത് മലപ്പുറം ജില്ലയാണ്‐ 961 പേർ. 

പച്ചമലയാളം കോഴ്സ് രജിസ്ട്രേഷനിലും വർധനയുണ്ട്. മൊത്തം 720 പേർ രജിസ്റ്റർ ചെയ്തു. ആദ്യബാച്ചിലിത് 688 ആയിരുന്നു. അഛീ ഹിന്ദിക്ക് ആദ്യബാച്ചിലെ രജിസ്ട്രേഷൻ 334 ആയിരുന്നെങ്കിൽ പുതിയ ബാച്ചിലിത് 375 ആണ്. പച്ചമലയാളം, അഛീ ഹിന്ദി കോഴ്സുകളുടെ കാര്യത്തിലും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. പച്ചമലയാളത്തിന് 358, അഛീ ഹിന്ദി 349 എന്നിങ്ങനെയാണ് രജിസ്്ട്രേഷൻ. 

കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച കോഴ്സുകൾക്ക് തുടക്കത്തിൽത്തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മറ്റ് ഭാഷ മാത്രമറിയുന്നവർ, ഭരണഭാഷ മാതൃഭാഷയായതിനെ തുടർന്ന് ഓഫീസ് നിർവഹണത്തിൽ പ്രയാസം നേരിടുന്നവർ, ഭാഷാന്യൂനപക്ഷത്തിലുള്ളവർ എന്നിവരെയാണ് പ്രധാനമായും പച്ചമലയാളം കോഴ്സിനായി ഉദ്ദേശിക്കുന്നത്. മലയാളം കംപ്യൂട്ടിങ് വ്യാപിപ്പിക്കുക, സ്മാർട്ട് ഫോണുകളിലടക്കം മലയാളത്തിന്റെ ഉപയോഗം വർധിപ്പിക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. സാമാന്യ ആശയവിനിമയം, വ്യാകരണശുദ്ധിയോടെ എഴുതുന്നതിനുള്ള പാടവം എന്നിവ വർധിപ്പിക്കുന്നതിന് സഹായകമാകുന്ന തരത്തിൽ രൂപപ്പെടുത്തിയതാണ് ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി കോഴ്സുകൾ. 

എട്ടാംക്ലാസ് പൂർത്തിയാക്കിയ 17 വയസ്സുള്ള ആർക്കും ഈ കോഴ്സുകളിൽ ചേരാം. 17 വയസ്സിനുതാഴെയുള്ള വിദ്യാർഥികൾക്കും ഈ കോഴ്സുകളിൽ ചേരാം. ബന്ധപ്പെട്ട വിദ്യാലയത്തിൽ 30 പേർ പഠിതാക്കളായി ഉണ്ടാകണമെന്നുമാത്രം.

പ്രധാന വാർത്തകൾ
Top