25 September Tuesday

ലൈഫ് മിഷന് 4000 കോടിയുടെ ഹഡ്‌‌കോ വായ്‌പ

സ്വന്തം ലേഖകൻUpdated: Friday Jun 8, 2018

തിരുവനന്തപുരം > സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വാസയോഗ്യമായ വീടില്ലാത്തവർക്കും വീട് നിർമിക്കുന്നതിനുള്ള ലൈഫ് പദ്ധതിക്ക‌് ഹഡ്‌കോ 4000 കോടി രൂപ വായ്പ അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ ഗാരന്റിയിൽ കേരള അർബൻ ആൻഡ‌് റൂറൽ ഡെവലപ്മെന്റ‌് ഫിനാൻസ് കോർപറേഷൻ മുഖേനയാണ് വായ്‌പയെടുക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽനിന്ന് വായ്പ സംസ്ഥാന സർക്കാർ തിരിച്ചടയ്‌ക്കും. വായ്‌പയുടെ പലിശ സർക്കാർ  വഹിക്കും. വായ്‌‌പ വേഗം ലഭ്യമാക്കുന്നതിന് ഹഡ്‌കോ ചെയർമാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ബന്ധപ്പെട്ടിരുന്നു.

ഈ സാമ്പത്തികവർഷം 1.75 ലക്ഷം വീട‌് നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനുവേണ്ടി ആദ്യഗഡു ഇതിനകം തന്നെ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറിക്കഴിഞ്ഞു. ഹഡ്കോ വായ്‌പ ലഭിച്ചതുകൊണ്ട് സമയബന്ധിതമായി വീടുകൾ പൂർത്തിയാക്കാൻ കഴിയും.

മുടങ്ങിക്കിടന്ന 66,000 വീടുകളുടെ നിർമാണം കഴിഞ്ഞ സാമ്പത്തികവർഷം ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നു. അതിൽ 71 ശതമാനം പൂർത്തിയായി. ബാക്കി പൂർത്തിയാക്കാനുള്ള നടപടി പുരോഗമിക്കുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top