19 September Wednesday

'മാപ്പ് നല്‍കൂ..നിവൃത്തികേട്കൊണ്ടു സംഭവിച്ചതാണ്'; മോഷ്‌ടിച്ച മാലയ്‌‌‌‌ക്കൊപ്പം കത്തും തിരികെ എത്തി !

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

ആലപ്പുഴ > പൊലീസ് അന്വഷണമാരംഭിച്ചപ്പോള്‍ മാപ്പപേക്ഷിച്ച് എഴുതിയ കത്ത് കള്ളന്‍ മോഷണമുതലിനൊപ്പം തിരികെയെത്തിച്ചു. തകഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് കരുമാടി സരസുതയില്‍ മധുകുമാറിന്റെ വീട്ടില്‍ നിന്നു കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങളാണ് കത്തിനൊപ്പം മോഷ്‌ടാവ് തിരികെയെത്തിച്ചത്.

ചൊവാ‌ഴ്‌ച രാത്രിയോടെയാണ് മധുകുമാറിന്റെ വീട്ടില്‍ മോഷണം നടന്നത്. കരുവാറ്റമിലുള്ള ബന്ധുവിന്റെ കല്യാണത്തിന് വൈകിട്ട് 5.30 ഓടെയാണ് ഇവര്‍ വീടുപൂട്ടി പോയത്. രാത്രി 11.30 ഓടെ തിരികെയെത്തി. ഈ സമയം അടുക്കള വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തി.തുടര്‍ന്ന് അകത്തു കയറി പരിശോധിച്ചപ്പോള്‍ അലമാര തുറന്നു കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു.

ഇതില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇതിനൊപ്പം സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടു. മക്കളായ ദേവു, ദയ എന്നിവരുടെ ചെറുപ്പത്തിലെ ആഭരണങ്ങളായ അഞ്ചു ജോഡി കമ്മലുകള്‍, 2 മോതിരം, 4 മാലക്കൊളുത്തുകള്‍ എന്നിവയാണ് നഷ്‌ടപ്പെട്ടത്. 

ഉടന്‍ അമ്പലപ്പുഴ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി. ബുധനാഴ്‌ച വിരലടയാള വിദഗ്‌ധരും പരിശോധിച്ചു മടങ്ങി.

തുടര്‍ന്ന് വ്യാഴാഴ്‌ച പുലര്‍ച്ചെ വീടിനു മുന്നിലെ ഗയ്‌റ്റില്‍  പ്ലാസ്റ്റിക് കവര്‍ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. മതി കുമാറും ഭാര്യ റീനയും ചേര്‍ന്ന് കവര്‍ പരിശോധിച്ചപ്പോഴാണ് കവറിനുള്ളില്‍ പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ആഭരണങ്ങള്‍ കണ്ടെത്തിയത്. ഇതിനൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു.

'മാപ്പു തരുക, എന്റെ നിവര്‍ത്തികേടുകൊണ്ടു സംഭവിച്ചതാണ്. ഇനി ഞാന്‍ ഇങ്ങനെയൊരു കാര്യം ചെയ്യില്ല. മാപ്പ്... എന്നെ പൊലീസിനെ ക്കൊണ്ടു പിടിപ്പിക്കരുത്. എടുത്ത എല്ലാ സാധനങ്ങളും ഇവിടെ തിരികെ വെച്ചു ' എന്നാണ് കത്തില്‍ രേഖപ്പെടുത്തിയത്. കത്തും തിരികെ കിട്ടിയ ആഭരണങ്ങളുമായി മധുകുമാര്‍ തുടര്‍ന്ന് സ്റ്റേഷനിലെത്തി പൊലീസിനെ വിവരമറിയിച്ചു. ആഭരണങ്ങള്‍ തിരികെ നല്‍കിയ പൊലീസ് തുടരന്വഷണത്തിന്റെ ഭാഗമായി കത്ത് കസ്റ്റഡിയില്‍ വാങ്ങി.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top