22 November Thursday

ഡിജിപിക്ക് പിന്തുണയുമായി പൊലീസ് ഓഫീസേഴ്സ് അസോ.

വെബ് ഡെസ്‌ക്‌Updated: Tuesday Mar 10, 2015
തിരുവനന്തപുരം > ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തിന് പിന്തുണയുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. ഡിജിപി സത്യസന്ധനാണെന്നും ഇപ്പോഴത്തെ വിവാദം സേനയുടെ മനോവീര്യം തകര്‍ക്കുമെന്നും അതിനാല്‍ ഉത്തരവാദപ്പെട്ടവര്‍ വിവാദങ്ങളില്‍നിന്ന് പിന്മാറണമെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസിലെ പ്രതി നിസാമിനെ ഡിജിപി രക്ഷിക്കുന്നതായി കഴിഞ്ഞദിവസം ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് ആരോപണമുന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുന്‍ ഡിജിപി എം എന്‍ കൃഷ്ണമൂര്‍ത്തിയും സസ്പെന്‍ഷനിലുള്ള മുന്‍ കമീഷണര്‍ ജേക്കബ് ജോബും ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും അദ്ദേഹം പുറത്തുവിട്ടു. എന്നാല്‍, പി സി ജോര്‍ജിന്റെ ആരോപണം ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം നിഷേധിച്ചു. ഇതിനുപിന്നാലെയാണ് എഎസ്ഐമുതല്‍ സിഐവരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനയായ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഡിജിപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പൊലീസ് സേനയെയും അതിന്റെ തലവനെയും ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവര്‍തന്നെ അവഹേളിക്കുകയാണ്. തല്‍പ്പരകക്ഷികളുടെ നിക്ഷിപ്ത താല്‍പ്പര്യം സംരക്ഷിക്കാന്‍ പൊതുപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുന്നു. ഇത്തരം പ്രവര്‍ത്തനം ആര്‍ക്കും ഭൂഷണമല്ല. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനാണ് പൊലീസ് മേധാവിയെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ മണികണ്ഠന്‍നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രധാന വാർത്തകൾ
Top