13 November Tuesday

ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതമെന്ന മനോരമയുടെ വ്യാജ വാര്‍ത്തക്ക് മറുപടി നല്‍കി ജനങ്ങള്‍; നിപായ്ക്ക്‌ പിന്നാലെ സര്‍ക്കാരിനെതിരെ വീണ്ടും കൗണ്ടര്‍ പോയിന്റ്: video

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

കൊച്ചി > കുട്ടനാട്ടിലുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍  സമ്പൂര്‍ണ പരാജയമാണെന്ന് വരുത്തിതീര്‍ക്കാനുള്ള മനോരമ ചാനലിന്റെ നീക്കം പാളി. 'കുട്ടനാടിന്റെ കണ്ണീര്‍ ഏറ്റെടുക്കുമോ കേരളം'; എന്ന പേരില്‍ കൗണ്ടര്‍ പോയിന്റില്‍ മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനാണ് ദുരിതാശ്വാസ ക്യാമ്പില്‍ വലിയ ദുരിതം ജനങ്ങളനുഭവിക്കുന്നു എന്ന തരത്തില്‍ സര്‍ക്കാരിനെതിരെ ചര്‍ച്ച നടത്തിയത്.

 വീട്ടമ്മമാരും കുട്ടികളുമടക്കമുള്ളവരുടെ ക്യാമ്പിലെ രാത്രികള്‍ എങ്ങനെയെന്ന് റിപ്പോര്‍ട്ടറോട് ചോദിക്കുകയും തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ജനങ്ങളോട് കാര്യങ്ങള്‍ ചോദിച്ചറിയുകയുമായിരുന്നു. എന്നാല്‍, നല്ല ഭക്ഷണം ലഭിച്ചെന്നും   ബാത്‌റൂമടക്കമുള്ള എല്ലാ സംവിധാനങ്ങളും ക്യാമ്പിലുണ്ടെന്നും ഒരുതരത്തിലുമുള്ള പ്രശ്‌നങ്ങളുമില്ലെന്നും മനോരമ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് വീട്ടമ്മ മറുപടി പറയുകയായിരുന്നു

വീട്ടിലേക്കാള്‍ സുഖകരമായാണ് ഇവിടെ താമസിക്കുന്നത്. എല്ലാവരും ഒരുമയോടെ സമാധാനത്തോടെ കഴിയുകയാണ് ക്യാമ്പിലെന്നും അവര്‍ പ്രതികരിച്ചു. ക്യാമ്പില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കുട്ടികളോടും മാതാപിതാക്കളോടും മാറി മാറി കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ചോദിച്ചെങ്കിലും, എല്ലാംനല്ല നിലയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എല്ലാവരും ഒരുപോലെ പറയുകയായിരുന്നു. തുടര്‍ന്ന്, മറ്റു ക്യാമ്പുകളില്‍ പ്രശ്‌നമനുണ്ടെന്നും ഇവിടെ കുഴപ്പമില്ലെന്നും പറഞ്ഞുതീര്‍ത്ത് മനോരമ ലേഖകന്  തിരിച്ചുപോരെണ്ടിവരികയായിരുന്നു

കാര്യക്ഷമമായി തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുമ്പോഴാണ് തെറ്റായ വാര്‍ത്തകള്‍ നല്‍കി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മനോരമ ചാനല്‍ ശ്രമം തുടരുന്നത്. നിപാ ബാധയെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനത്തെ ഇകഴ്ത്തിക്കാണിക്കാന്‍ മനോരമ നടത്തിയ  അധാര്‍മിക മാധ്യമപ്രവര്‍ത്തനം വലിയ തോതില്‍ വിമര്‍ശനം നേരിട്ടിരുന്നു. നിഷ പുരുഷോത്തമന്‍ തന്നെയാണ് കൗണ്ടര്‍ പോയന്റില്‍ ഈ ചര്‍ച്ചയും നടത്തിയത്.

 


 

പ്രധാന വാർത്തകൾ
Top