16 November Friday

സ്ത്രീക്കരുത്തിൽ ഉയരുന്നു; 'ശ്രീ' വീട്

സി എ പ്രേമചന്ദ്രൻUpdated: Monday Jul 16, 2018


തൊഴിലുറപ്പു തൊഴിലാളികളുടെ വിയർപ്പിൽ  കോൺക്രീറ്റ് കട്ടകൾ പിറക്കും. അവ പാവപ്പെട്ടവർക്ക് വീട് പണിയാൻ സൗജന്യം. കട്ടകൾ ഉപയോഗിച്ച് വീട് നിർമിക്കുന്നത് കുടുംബശ്രീ പ്രവർത്തകർ. പാവപ്പെട്ടവർക്കായി ലൈഫ് പദ്ധതിയുടെ ഭാഗമായി സർക്കാർ ഒരുക്കുന്ന വീടിന് ശ്രീയേകി സ്ത്രീശക്തിയുടെ ഉറപ്പും.  കുടുംബശ്രീയും തൊഴിലുറപ്പുപദ്ധതിയും ലൈഫ് പദ്ധതിയിൽ കണ്ണിചേർത്ത് മാടക്കത്തറയിൽ പുത്തൻഗാഥയാണ‌് രചിക്കുന്നത‌്.

മാടക്കത്തറ പഞ്ചായത്തിലെ  സ്കൈ ആർട്ട്  കുടുംബശ്രീ യൂണിറ്റിലെ പ്രവർത്തകരാണ് ജില്ലാ കുടുംബശ്രീ മിഷന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹായത്തോടെ കോൺക്രീറ്റ് കട്ട നിർമാണത്തിലും വീട് നിർമാണത്തിലും ഏർപ്പെട്ടിരിക്കുന്നത്. കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് സൗമ്യ മത്തായി, സെക്രട്ടറി ജിൻസി ഷാജി, അംഗങ്ങളായ പത്മാവതി, എൽസി, സുനിത, ഗ്രേസി, ചിന്ന അയ്യപ്പൻ എന്നിവർക്ക്  കോസ്റ്റ്ഫോർഡിലും പെരിങ്ങാവിൽ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന് കീഴിലും വീടുനിർമാണത്തിൽ പരിശീലനം നൽകി. തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെറിയ നിർമാണപ്പണികൾ ആരംഭിച്ചു. എൻജിനിയറുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ  വീട് നിർമാണവും ആരംഭിച്ചു. മാടക്കത്തറ  ധീർദാനിയിൽ മങ്ങാട്ടുചാലിൽ സത്യന്റെ വീടിന്റെ തറപ്പണി പൂർത്തിയാക്കി. കെട്ടിടം പണി പൂർത്തിയാക്കി വെള്ള പൂശി ഏൽപ്പിക്കും.  വാഹനം എത്താനാവാത്ത വഴിയായിട്ടും ഈ വീട് നിർമാണം ഏറ്റെടുക്കുകയായിരുന്നു.
കോൺക്രീറ്റ് കട്ടനിർമാണം തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ലൈഫുമായി സംയോജിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പി എസ് വിനയൻ പറഞ്ഞു. നാലുലക്ഷം രൂപയുടെ ലൈഫ് പദ്ധതി ധനസഹായത്തിനുപുറമെ വീട് നിർമാണത്തിന് കോൺക്രീറ്റ് കട്ടകൾ സൗജന്യമായി നൽകാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.   

അഞ്ചുലക്ഷം രൂപ  വായ്പയെടുത്താണ് കട്ടനിർമാണ യൂണിറ്റിൽ മിക്സിങ് യന്ത്രവും വൈബ്രേറ്റർ യന്ത്രവും വാങ്ങിയത‌്. ഇതിൽ രണ്ടുലക്ഷം കുടുംബശ്രീസബ്സിഡിയാണ്. താൽക്കാലിക സ്ഥലത്താണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് സ്ഥലം ലഭ്യമാക്കിയാൽ വിപുലമായ യന്ത്രങ്ങൾ വാങ്ങാൻ ലക്ഷ്യമുണ്ടെന്ന് സൗമ്യ പറഞ്ഞു.

കട്ട നിർമാണത്തിനുള്ള മെറ്റൽ, മണൽ, സിമന്റ് എന്നിവ  തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചു. കട്ട നിർമിക്കുന്ന തൊഴിലാളികൾക്ക് 271 രൂപ വീതം കൂലി അക്കൗണ്ടിലേക്ക് നൽകും. രണ്ടുഘട്ടങ്ങളിലായി 14,500 കട്ടകൾ നിർമിക്കാൻ അനുമതി ലഭിച്ചു.  ഇതോടൊപ്പം സ്വന്തമായി സാമഗ്രികൾ ഇറക്കി സ്വകാര്യ ആവശ്യങ്ങൾക്കും കട്ടനിർമിച്ച് നൽകുന്നുണ്ട്. ഇതുവഴിയാണ് കുടുംബശ്രീ പ്രവർത്തകർ  വായ്പ തിരിച്ചടയ‌്ക്കുന്നത്.

പത്തു വീടുകൾ നിർമാണം പൂർത്തീകരിക്കുന്ന കുടുംബശ്രീ യൂണിറ്റുകളെ സർക്കാരിന്റെ അംഗീകൃത നിർമാണ  ഏജൻസിയാക്കുമെന്ന് കുടുംബശ്രീ മിഷൻ ജില്ലാ കോ‐ഓർഡിനേറ്റർ കെ വി ജ്യോതിഷ്കുമാർ പറഞ്ഞു. പഞ്ചായത്തിൽ പത്തുലക്ഷം രൂപവരെയുള്ള പ്രവൃത്തികൾ ടെൻഡർ കൂടാതെ ഇത്തരം യൂണിറ്റുകളെ ഏൽപ്പിക്കാനാവും. കുടുംബശ്രീ പ്രവർത്തകർക്ക് വീടിന്റെ തറക്കെട്ടുമുതൽ  പെയിന്റിങ്വരെയുള്ള പ്രവൃത്തികളിൽ പരിശീലനം നൽകാനുള്ള ബൃഹദ‌് പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു.

പ്രധാന വാർത്തകൾ
Top