14 December Friday

80,461 വീട്ടമ്മമാർക്ക്‌ പലിശരഹിത വായ്‌പ ഉടൻ ; പ്രളയം: 10,000 രൂപ സഹായവിതരണം പൂർത്തിയാകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018

തിരുവനന്തപുരം
പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പുനരധിവാസ‐പുനർനിർമാണ പ്രവർത്തനങ്ങളിലും അതിവേഗത്തിൽ മുന്നേറി കേരളം. പ്രളയക്കെടുതിക്കിരയായ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ വീതമുള്ള സഹായവിതരണം പൂർത്തിയാകുന്നു. അഞ്ചര ലക്ഷത്തിലേറെ പേർക്കാണ‌് ധനസഹായം നൽകിയത‌്. പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായവും നൽകി. അനന്തരാവകാശ സർട്ടിഫിക്കറ്റ് പോലുള്ള രേഖകൾ ലഭ്യമാക്കാത്തവർക്കു മാത്രമാണ് ഇനി നൽകാനുള്ളത്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ലഭിച്ച സാധനങ്ങൾ വ്യക്തമായ മാനദണ്ഡമനുസരിച്ച് വിതരണം  തുടരുകയാണ്.

80,461 വീട്ടമ്മമാർക്ക് കുടുംബശ്രീ മുഖേന ഒരുലക്ഷം രൂപയുടെ പലിശരഹിതവായ്പ നൽകാൻ നടപടിയായി. ബാക്കി അപേക്ഷകളിൽ നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ‌് അറിയിച്ചു. വീടുകളുടെ നാശനഷ്ടം സംബന്ധിച്ച് ഐടി വകുപ്പ് നടത്തുന്ന ഡിജിറ്റൽ സർവേ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 1,79,000 ത്തോളം വീടുകളിൽ സർവേയും 50,000 ത്തോളം വീടുകളുടെ വെരിഫിക്കേഷനും പൂർത്തിയായി.

പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ളതിനേക്കാൾ  കൂടിയ തുക ലഭ്യമാക്കാനും നടപടിയാവുകയാണ‌്. കേന്ദ്രം ഹെക്ടറിന് 37,500 രൂപയാണ് ഭൂമി നഷ്ടപ്പെട്ടവർക്കായി നിശ്ചയിച്ചതെങ്കിലും മൂന്നുമുതൽ അഞ്ചു സെന്റ‌് വരെ ഭൂമി നഷ്ടപ്പെട്ടവർക്ക് സ്വന്തമായി മറ്റ് ഭൂമിയില്ലെങ്കിൽ സംസ്ഥാന സർക്കാർ ആറുലക്ഷം രൂപയാണ‌് നൽകുന്നത‌്.

വീട് നഷ്ടപ്പെട്ടവർക്കും കേന്ദ്രമാനദണ്ഡമനുസരിച്ചുള്ളതിനേക്കാൾ കൂടിയ നഷ്ടപരിഹാരം നൽകും. പൂർണമായും നശിച്ച വീടുകൾക്ക് സമതലങ്ങളിൽ 95,100 രൂപയും മലയോരമേഖലയിൽ 1,01,900 രൂപയും മാത്രമാണ് കേന്ദ്രം നിശ്ചയിച്ചിത്. എന്നാൽ, സംസ്ഥാന സർക്കാർ നാലുലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ട, മറ്റെവിടെയും ഭൂമിയില്ലാത്തവർക്ക‌് പത്തുലക്ഷം രൂപ ലഭിക്കും. 

വിളകളുടെ കാര്യത്തിലും സംസ്ഥാനം നൽകുന്ന നഷ്ടപരിഹാരം വളരെ വലുതാണ്. ഒരു ഏക്കർ ഭൂമിയിലെ തെങ്ങു കൃഷിക്ക് 18,000 രൂപ നൽകാനാണ് കേന്ദ്ര നിർദേശമെങ്കിൽ സംസ്ഥാനം 1,19,000 രൂപയാണ് നിശ്ചയിച്ചത്. മറ്റ് വിളകൾക്കും ഇതുപോലെ വർധിച്ച തുക നൽകും.

ഇപ്പോൾ 80 ക്യാമ്പിലായി 787 കുടുംബങ്ങളിൽ പെട്ട 2,457 പേർ കഴിയുന്നു. ഇവരുടെ സംരക്ഷണവും മാതൃകാപരമായി തുടരുന്നു. ഒപ്പം പുനരധിവാസ നടപടികളും. വീടുകളും സ്കൂളുകളും ആശുപത്രികളും മറ്റ് പൊതുസ്ഥാപനങ്ങളും നിർമിച്ചുനൽകാനും അറ്റകുറ്റപ്പണി നടത്താനും വിവിധ സ്ഥാപനങ്ങളും ഏജൻസികളും സംഘടനകളും സന്നദ്ധത അറിയിക്കുന്നുണ്ട്. ഇവർക്കായി പ്രത്യേക പോർട്ടൽ തുടങ്ങി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top