Top
26
Wednesday, July 2017
About UsE-Paper

കെഎസ്ആര്‍ടിസി നവീകരണം; എംബിഎക്കാര്‍ എടിഒമാരാകും

Monday Jul 17, 2017
വി എം രാധാകൃഷ്ണന്‍

തൃശൂര്‍ > കെഎസ്ആര്‍ടിസി നവീകരണത്തിന്റെ ഭാഗമായി എംബിഎ ബിരുദധാരികളെ എടിഒമാരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുമായി നിയമിക്കുന്നു.  പിഎസ്സി റാങ്ക് ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും. 20 എടിഒമാരെയും 11 അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെയുമാണ് ആദ്യഘട്ടത്തില്‍ നിയമിക്കുക.

കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാനുള്ള കര്‍മപദ്ധതിയുടെ ഭാഗമാണിത്. 25 ശതമാനം ഒഴിവുകളില്‍ എംബിഎ ബിരുദധാരികളെ നേരിട്ടു നിയമിക്കും. 15 ശതമാനം ഒഴിവ് എംബിഎ ബിരുദമെടുത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നീക്കിവച്ചു. 60 ശതമാനം ജീവനക്കാരെ പ്രൊമോഷന്‍ വഴിയും എടിഒമാരായി നിയമിക്കും. 50 എടിഒമാരുടെയും 28 അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുടെയും തസ്തികയാണ് നിലവിലുള്ളത്. നിലവില്‍ കണ്ടക്ടറായി ജോലിയില്‍ കയറുന്നവര്‍ 28-30 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കുന്നതോടെയാണ് പ്രൊമോഷന്‍ വഴി ഗസറ്റഡ് തസ്തികയായ എടിഒമാരാകുന്നത്.

പ്രതിദിനനഷ്ടം ഇല്ലാതാക്കാനുള്ള കര്‍മപദ്ധതിയുടെ ഭാഗമായിദിവസം ഏഴായിരം രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം തുടങ്ങിയതിനു പിന്നാലെ രണ്ടാംഘട്ട ഡ്യൂട്ടി പരിഷ്കരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. പ്രതിദിനം 8000ല്‍ താഴെ വരുമാനമുള്ള സര്‍വീസുകളിലും സിംഗിള്‍ ഡ്യൂട്ടിയും 8000നും 10,000നും ഇടയില്‍ വരുമാനമുള്ള സര്‍വീസുകളില്‍ ഒന്നര ഡ്യൂട്ടി സംവിധാനവുമാണ് ഏര്‍പ്പെടുത്തിയത്. ഒന്നര ഡ്യൂട്ടി എടുക്കുന്നവര്‍ക്ക് ആഴ്ചയില്‍ നാലുദിവസം ജോലിയും മൂന്നു ദിവസം അവധിയുമാവും. പതിനായിരത്തിനു മുകളില്‍ വരുമാനമുള്ള ബസ് സര്‍വീസുകളില്‍ നിലവിലുള്ള ഡബിള്‍ ഡ്യൂട്ടി സംവിധാനം തുടരും. ജീവനക്കാരുടെ പുനര്‍വിന്യാസത്തിന്റെ മൂന്നാം ഘട്ടത്തില്‍ മുടങ്ങിക്കിടക്കുന്ന സര്‍വീസുകള്‍ പുനരാരംഭിക്കും.

ആധുനികസൌകര്യങ്ങളുള്ള കൂടുതല്‍ ബസുകള്‍ ഇറക്കിയും ജീവനക്കാരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയും ചെലവു കുറച്ചും ഒരു വര്‍ഷത്തിനകം കെഎസ്ആര്‍ടിസിയെ നവീകരിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 850 പുതിയബസ്സുകള്‍ വാങ്ങാന്‍ അംഗീകാരമായി. സര്‍ക്കാരിന്റെ പരിഗണനയിലുള്ള സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ട്കൂടി കണക്കിലെടുത്താണ് നവീകരണം നടപ്പാക്കുക.

Related News

കൂടുതൽ വാർത്തകൾ »