26 September Wednesday
പ്രവാസി ചിട്ടി

മാണിയുടെ വിമർശം അടിസ്ഥാനരഹിതം: തോമസ‌് ഐസക‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

  

സ്വന്തം ലേഖകൻ
കെഎസ‌്എഫ‌്ഇയുടെ പ്രവാസി ചിട്ടി പൂർണമായും കേന്ദ്ര ചിട്ടി നിയമത്തിനനുസൃതമാണെന്നും കെ എം  മാണി ഉന്നയിച്ച വിമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി തോമസ‌് ഐസക‌്.  വിവാദത്തിൽ കുരുക്കി ഇതിനെ ഇല്ലാതാക്കരുത‌്. ഇക്കാര്യത്തിൽ തുറന്നചർച്ചയ‌്ക്ക‌് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പ്രവാസി ചിട്ടിവഴി 10,000 കോടി നിക്ഷേപമാണ‌് കിഫ‌്ബിയിൽ പ്രതീക്ഷിക്കുന്നത‌്. പ്രവാസി ചിട്ടി വിദേശ പണവിനിമയചട്ട (ഫെമ)ത്തിന്റെ  ലംഘനമാണെന്ന വാദം ശരിയല്ല. കഴിഞ്ഞ യുഡിഎഫ‌് ഭരണത്തിൽ ആർബിഐ  ഈ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയതാണ‌്. ഇതനുസരിച്ച‌് പ്രവാസികളിൽനിന്ന‌് പണം സ്വീകരിക്കാൻ ചിട്ടക്കമ്പനികളെ സംസ്ഥാ ന സർക്കാരുകൾക്ക‌് അനുവദിക്കാം. പ്രവാസികൾക്ക‌് വിദേശ രാജ്യത്തിരുന്ന് ബാങ്കിങ‌് സംവിധാനത്തിൽ പണവുമടയ്ക്കാം. ഈ അനുമതി ലഭിച്ചത‌് മാണി മന്ത്രിയായിരിക്കവെയാണ‌്.

ഓൺലൈനായി നടത്തുന്നുവെന്നതും ചില ആനുകൂല്യങ്ങൾ ചേർത്തിട്ടുണ്ടെന്നതുമാണ‌് ചിട്ടിയുടെ സവിശേഷത. ഇതിനുള്ള അനുമതിയുണ്ട‌്. ഫോർമാൻ നൽകുന്ന സെക്യൂരിറ്റി കിഫ‌്ബിയിൽ നിക്ഷേപിക്കുന്നത‌് കേന്ദ്രനിയമത്തിന‌് വിരുദ്ധമെന്ന ആക്ഷേപത്തിലും അടിസ്ഥാനമില്ല. ചിട്ടിനിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം അംഗീകൃത സെക്യൂരിറ്റികളിൽ നിക്ഷേപിക്കാൻ വ്യവസ്ഥയുണ്ട‌്. മുതലിനും പലിശയ‌്ക്കും സംസ്ഥാന സർക്കാരുകൾ റദ്ദാക്കാനാകാത്ത ഗ്യാരണ്ടി നൽകുന്ന സെക്യൂരിറ്റികൾ അംഗീകൃതമാണ‌്. കിഫ‌്ബി ബോണ്ടുകൾക്കിതുണ്ട‌്. 2012ൽ ചിട്ടിത്തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കാൻ മാണി മന്ത്രിയായിരിക്കവെയാണ‌് കെഎസ‌്എഫ‌്ഇക്ക‌് അനുമതി നൽകിയത‌്. കൂടാതെ ബ്രാൻഡഡ‌് ചിട്ടികൾക്ക‌് പ്രത്യേക ആനുകൂല്യം നൽകിയതും മാണിയായിരുന്നു. അതിപ്പോൾ പ്രവാസിചിട്ടിക്കും ബാധകമാക്കി.  ഇൻഷുറൻസ‌് അപകട പരിരക്ഷയും പെൻഷൻ പദ്ധതിയും ആകർഷകമാണ‌്. ഇതിനാവശ്യമായ ചട്ടഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും.

കെഎസ‌്എഫ‌്ഇ മിസലേനിയസ‌് ബാങ്ക‌് ആണെന്ന‌് തെറ്റിധരിപ്പിച്ചിട്ടില്ല. ബാങ്കിങ്ങിതര സ്ഥാപനത്തിനേ  ചിട്ടി നടത്താനാകൂ. പ്രവാസി ചിട്ടി സെപ‌്തംബർ ആദ്യം ആരംഭിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ‌്. ഓൺലൈൻ രജിസ്ട്രേഷൻ ആറായിരത്തോളമായി.  ഹലാൽ ചിട്ടിയും  കെഎസ‌്എഫ‌്ഇ താമസിയാതെ തുടങ്ങും.

കിഫ‌്ബിയിൽ നിർമാണപ്രവൃത്തികൾ അനുവദിക്കുന്നതിൽ രാഷ‌്ട്രീയ പക്ഷപാതമില്ല. 21,000 കോടിയുടെ ടെൻഡർ നടപടി ഈ വർഷാവസാനമാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാന വാർത്തകൾ
Top