14 November Wednesday

സോഫ‌്റ്റ‌് വെയർ ഉദ‌്ഘാടനം ചെയ‌്തു; കെഎസ‌്എഫ‌്ഇ പ്രവാസി ചിട്ടി രജിസ‌്ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

തിരുവനന്തപുരം > കെഎസ‌്എഫ‌്ഇ പ്രവാസി ചിട്ടിയിലേക്കുള്ള രജിസ‌്ട്രേഷനും ഓൺലൈൻ സോ‌ഫ‌്റ്റ‌്‌വെയറും  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ‌്തു. ചിട്ടിയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

കേരളത്തിന്റെ വികസനത്തിനുവേണ്ടി ആഗ്രഹിക്കുന്നവരാണ‌് പ്രവാസികളെന്നും അവരുടെ ആഗ്രഹം നടപ്പാക്കുന്നതിനാണ‌് പ്രവാസി ചിട്ടികൾ ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിട്ടിയിൽ ചേരുന്നവർ നവകേരള സൃഷ്ടിയിൽ പങ്കാളിക‌ളാകുകയാണ‌്. വിദേശ നാടുകളിലേതുപോലെ അതിവേഗ റെയിൽപാത, കോവ‌ളം﹣കാസർകോട‌് ജലപാത, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി സംസ്ഥാനത്തിന്റെ വികസനത്തിന‌് ശക്തിയേകുന്ന പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ‌്. ഇത്തരം ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വ്യത്യസ‌്തമായ സഞ്ചാരമാണ‌് കിഫ‌്ബി. അതിനുവേണ്ടിയുള്ള ധനസമാഹരണമാണ‌് പ്രവാസി ചിട്ടി. നാടിന്റെ വികസനം ആഗ്രഹിക്കുന്ന പ്രവാസികൾക്ക‌് അതിൽ പങ്കാളിയാകാനുള്ള അവസരമാണ‌് ചിട്ടിയിലൂടെ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ കാലത്താ‌ണ‌് കെഎസ‌്എഫ‌്ഇ ലാഭത്തിലാക്കാൻ പ്രവാസി ചിട്ടികൾ ആരംഭിച്ചതെന്ന‌് ചടങ്ങിൽ പങ്കെടുത്ത മുൻ ധനമന്ത്രി കെ എം മാണി പറഞ്ഞു. എന്നാൽ, പലരും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഇത്തരമൊരു പദ്ധതി  നടപ്പാക്കാൻ പിണറായി വിജയൻ മുഖ്യമന്ത്രിയും തോമസ‌് ഐസ‌ക‌് ധനമന്ത്രിയുമാകേണ്ടി വന്നുവെന്ന‌് പി സി ജോർ‌ജ‌് പറഞ്ഞു.
നിയമസഭാമന്ദിരത്തിൽ ശങ്കരനാരായണൻതമ്പി മെമ്പേഴ‌്സ‌് ലോഞ്ചിൽ നടന്ന  ചടങ്ങിൽ സ‌്പീക്കർ പി  ശ്രീരാമകൃഷ‌്ണൻ അധ്യക്ഷനായി. മന്ത്രി ടി എം തോമസ‌് ഐസക‌് സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, സി കെ നാണു എന്നിവർ സംസാരിച്ചു.

   പ്രവാസികളിൽ പ്രമുഖനായ അഷറഫ‌് താമരശേരി, കെ നവീൻകുമാർ എന്നിവർ ആദ്യമായി ചിട്ടിയിൽ രജി‌സ്റ്റർ ചെയ‌്തു. ആദ്യഘട്ടം രജിസ‌്ട്രേഷൻ യുഎഇയിൽ ആരംഭിക്കും. ഗൾഫ‌് രാജ്യങ്ങളിലേക്കും പാശ്ചാത്യരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. പ്രവാസി ചിട്ടിക്ക‌് എൽഐസിയുടെ ഇൻഷുറൻസ‌് പരിരക്ഷയുണ്ടാകും. അപകട ഇൻഷുറൻസ‌് വേറെയും. ആവശ്യമുള്ളവർക്ക‌് പെൻഷൻ പദ്ധതിയിൽ ചേരുകയുമാകാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫ‌ീസിൽനിന്നുള്ള സഹായം ലോകത്തെവിടെയും എപ്പോഴും ലഭ്യമാകുമെന്നതും പ്രത്യേകതയാണ‌്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top