18 October Thursday

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി; കെഎസ്‌ഡിപിക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018

തിരുവനന്തപുരം > കേരള സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഡിപി (ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്)ന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. കെഎസ്‌ഡിപി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ഗുണമേന്‍മയോടൊപ്പം സുരക്ഷ, കാര്യക്ഷമത എന്നിവയില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതിനാണ് അംഗീകാരം ലഭിച്ചത്. ഇതോടുകൂടി ഈ മരുന്നുകള്‍ ലോകവിപണിയില്‍ യഥേഷ്ടം വില്‍പ്പന നടത്താന്‍ കഴിയും.

നിലവില്‍ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് ആവശ്യമായ മരുന്നുകളും ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലേക്കുള്ള വിവിധ മരുന്നുകളും, ജന ഔഷധിക്ക് ആവശ്യമായ മരുന്നുകളുമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.. യുഡിഎഫ് ഭരണകാലത്ത് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ടിരുന്ന ഈ പൊതുമേഖലാ ഔഷധ നിര്‍മ്മാണ കമ്പനിക്ക് 32 കോടിയോളം രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്നു. ഈ തുക ഉപയോഗിച്ച് ലോക നിലവാരത്തിലുള്ള നോണ്‍ ബീറ്റാലാക്ടം പ്ലാന്റ് സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്.

മെയ് മാസത്തോടെ ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാവും. പുതിയ പ്ലാന്റും ലോകാരോഗ്യസംഘടനയുടെ അംഗീകാരവും ലഭിച്ചതോടെ മറ്റു സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണികളിലേക്കും മരുന്ന് നല്‍കാന്‍ സാധിക്കും. അതോടുകൂടി കുറഞ്ഞ വിലയ്‌‌‌‌‌ക്ക് ഈ ജീവന്‍രക്ഷ മരുന്നുകള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍  കഴിയും  .

പുതിയ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് ആവശ്യമായ മുഴുവന്‍ മരുന്നുകളും, വിവിധ ക്യാപ്‌സൂളുകളും , ആന്റി ഡ്രൈ പൗഡര്‍ ഇഞ്ചക്ഷനും പ്ലാന്റില്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും.മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്‍എബിഎല്‍ അക്രഡറ്ററി ലബോര്‍ട്ടറിയും ഇവിടുണ്ട്. അതിനാല്‍ തന്നെ  മരുന്നുകള്‍ പൂര്‍ണമായും കൃത്യമായ പരിശോധന നടത്താന്‍ സാധിക്കും. മികച്ച നേട്ടം കൈവരിച്ച കെഎസ്‌ഡി.പി അധികൃതരേയും, ജീവനക്കാരേയും വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്‌തീന്‍ അഭിനന്ദിച്ചു

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top