19 June Tuesday

അവസരം മുന്നോക്കക്കാർക്കുമാത്രം ; ജാതീയ അസമത്വം രൂക്ഷമായി: പ്രഭാത് പട്നായിക്

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

കൊച്ചി > നവലിബറൽ നയങ്ങൾ ജാതീയമായ അസമത്വം കൂടുതൽ രൂക്ഷമാക്കിയതായി പ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധൻ പ്രഭാത് പട്നായിക്. സ്വാതന്ത്ര്യാനന്തരം ജാതിവ്യവസ്ഥയുടെ പേരിലുള്ള അസമത്വം പരിഹരിക്കുന്നതിനാണ് സംവരണം ഏർപ്പെടുത്തിയത്. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള വിജ്ഞാനോത്സവത്തിൽ 'മുതലാളിത്തവും ഇന്ത്യൻ ജനാധിപത്യ വിപ്ലവവും'എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു പട്നായിക്.

സ്വകാര്യവൽകരണം നിലവിൽവന്നതോടെ ജാതീയ അസമത്വം ശക്തമായി. മുന്നോക്കക്കാർക്ക് മാത്രമായി അവസരങ്ങൾ പരിമിതപ്പെട്ടു. വിദ്യാഭ്യാസം നേടിയ സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർക്കുമാത്രം ജോലി ലഭിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. സർക്കാരുകൾ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽനിന്ന് പിൻവാങ്ങുന്നതിന്റെ പ്രത്യാഘാതം കൂടുതൽ  അനുഭവിക്കുന്നത് പാർശ്വവൽകൃത വിഭാഗങ്ങളാണ്‐ അദ്ദേഹം പറഞ്ഞു.

നവലിബറൽ നയങ്ങൾക്കുശേഷം സാമ്പത്തികവ്യവസ്ഥയിലുണ്ടാകുന്ന മാറ്റം സോഷ്യലിസത്തിലേക്കാകും നയിക്കുകയെന്നും പട്നായിക് പറഞ്ഞു. സാമൂഹികസമത്വം എല്ലാ പൗരനും ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. എന്നാൽ നവലിബറൽനയങ്ങൾ രാജ്യത്ത് സാമൂഹിക‐സാമ്പത്തിക അസമത്വങ്ങൾ വർധിപ്പിച്ചു. ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തുമ്പോൾ രാജ്യത്തെ 21 ശതമാനം സമ്പത്ത് ഒരുശതമാനം ആളുകളുടെ കൈയിലായിരുന്നുവെങ്കിൽ ഇന്നത് 73 ശതമാനമായി ഉയർന്നുകഴിഞ്ഞു. ചെറുകിട മേഖലയിലും മൂലധനം പിടിമുറുക്കിക്കഴിഞ്ഞു. പരമ്പരാഗതമേഖലയിൽ  ബഹുരാഷ്ട്രകുത്തകകൾ സ്ഥാനംപിടിച്ചു. ഇത് വലിയ തോതിൽ തൊഴിലില്ലായ്മ  സൃഷ്ടിക്കുന്നു. പകരം പുതിയ  തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മുതലാളിത്തത്തിന് സാധിക്കുന്നില്ല. ലോകത്തിന്റെ പല ഭാഗത്തും ഇതേ സാഹചര്യമാണ്. പ്രാകൃത മൂലധനസഞ്ചയത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കാർഷികമേഖലയിൽ മുതലാളിത്തത്തിന്റെ നേരിട്ടുള്ള കടന്നുകയറ്റമുണ്ടായി. ബ്രിട്ടീഷ് ഭരണത്തിന് സമാനമായ അവസ്ഥയാണ് കാർഷികേമഖലയിൽ നിലനിൽക്കുന്നത്. കർഷകപ്രശ്നങ്ങൾ മുന്നോട്ടുവച്ചാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കർഷകപങ്കാളിത്തം ഉറപ്പാക്കിയത്. ആദ്യകാല സർക്കാരുകൾ കർഷകർക്ക് സഹായങ്ങൾ നൽകിയിരുന്നു. എന്നാൽ പുത്തൻ സാമ്പത്തികനയങ്ങൾക്കുശേഷം കർഷകരുടെ പ്രശ്നങ്ങൾ കോളനിവാഴ്ചയിലേതിന് സമാനമായതായും പ്രഭാത് പട്നായ്ക് പറഞ്ഞു.

പ്രധാന വാർത്തകൾ
Top