22 September Saturday

ആറ‌് സംസ്ഥാനങ്ങളിൽ കെപിഎംജി കൺസൾട്ടന്റ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018


സ്വന്തം ലേഖകൻ
ആഗോള സേവനദാതാക്കളായ കെപിഎംജിയുടെ വിശ്വാസ്യതസംബന്ധിച്ച‌് യുഡിഎഫ‌്‐ബിജെപി കേന്ദ്രങ്ങൾ ഉയർത്തിയ ആക്ഷേപങ്ങൾ പൊളിയുന്നു. ലോകത്തെ ഏറ്റവും മികച്ച നാല‌് പ്രൊഫഷണൽ കൺസൾട്ടൻസി സ്ഥാപനങ്ങളിലൊന്നാണ‌് കെപിഎംജിയെന്ന‌് രേഖകൾ വെളിപ്പെടുത്തുന്നു. മാത്രമല്ല, ഇന്ത്യയിൽത്തന്നെ ആറ‌് സംസ്ഥാനങ്ങളുടെ വ്യവസായ കൺസൾട്ടന്റുമാരായി കെപിഎംജി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട‌്. കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ കൺസൾട്ടന്റുമാരായി ആഗോള ടെൻഡറിലൂടെ തെരഞ്ഞെടുക്കപ്പെട്ടതും കെപിഎംജിയാണ‌്.

നിലവിൽ ആന്ധ്ര, മഹാരാഷ്ട്ര, ജാർഖണ്ഡ‌്, ഛത്തീസ‌്ഗഡ‌്, ഡൽഹി, തെലങ്കാന സംസ്ഥാനങ്ങളുടെ ഈസ‌് ഓഫ‌് ഡൂയിങ്‌ ബിസിനസ‌് കൺസൾട്ടന്റുമാരാണ‌് കെപിഎംജി. ലോകബാങ്കിന്റെയും ഈസ‌് ഓഫ‌് ഡൂയിങ് ബിസിനസ‌് കൺസൾട്ടന്റുമാരാണ‌് ഈ സ്ഥാപനം.
കേരളത്തിൽ നേരത്തെയും വിവിധ പദ്ധതികളുടെ കൺസൾട്ടന്റുമാരായി ഇവർ പ്രവർത്തിച്ചിട്ടുണ്ട‌്. ഇന്ത്യയിലെ ആദ്യ ഐടി പാർക്കായ തിരുവനന്തപുരത്തെ ടെക‌്നോപാർക്ക‌് ആരംഭിക്കുന്നതിന‌ുമുന്നോടിയായി സിലിക്കൺവാലി സന്ദർശിക്കുന്നതിന‌് സൗകര്യമൊരുക്കിയത‌് കെപിഎംജിയുടെ ഇപ്പോഴത്തെ ഇന്ത്യയിലെ മേധാവി അരുൺ എം കുമാറാണ‌്.

കെപിഎംജിക്കെതിരെ ചെളിവാരിയെറിയുന്നത‌് വസ‌്തുതകൾ അറിയാതെയാണെന്ന‌് മുൻ ആസൂത്രണബോർഡ‌് അംഗം ജി വിജയരാഘവൻ പ്രതികരിച്ചു. ഓരോ രാജ്യത്തും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഏജൻസിയാണ‌ിത‌്. ഇന്ത്യയിൽ കെപിഎംജി ഇന്ത്യ, ചൈനയിൽ കെപിഎംജി ചൈന എന്നിങ്ങനെയാണ‌് പ്രവർത്തിക്കുന്നത‌്. കേരളം വ്യവസായസൗഹൃദമാണെന്ന‌് പ്രചരിപ്പിക്കാൻ ഒരുകാലത്ത‌് ഉപയോഗിച്ചിരുന്നത‌് കെപിഎംജിയുടെ റിപ്പോർട്ടാണ‌്.

കേരളത്തെ പുനർനിർമിക്കുന്നതിന‌് തീർത്തും സൗജന്യമായാണ‌് കെപിഎംജി സേവനം നൽകുന്നത‌്. പ്രചരിപ്പിക്കപ്പെടുന്നതുപോലെ പദ്ധതികൾ നിശ‌്ചയിക്കുന്നത‌് കൺസൾട്ടൻസിയല്ല. സംസ്ഥാനത്തിന‌് ആവശ്യമായ പദ്ധതികൾ സർക്കാർ നിർദേശിച്ചാൽ അതിനനുസരിച്ച‌് വിശദ പദ്ധതിരേഖയും മറ്റും തയ്യാറാക്കലാണ‌് കൺസൾട്ടൻസിയുടെ ചുമതല.

കേരളത്തെ പുനർനിർമിക്കുന്നതിനുള്ള എല്ലാ പദ്ധതികളുടെയും കൺസൾട്ടന്റ‌് കെപിഎംജിയല്ല. വിവിധ മേഖലകളിൽ വൈദഗ‌്ധ്യമുള്ള വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും കേരളത്തെ സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട‌്. വെള്ളപ്പൊക്കത്തിൽ തകർന്ന പമ്പയെ പുനരുദ്ധരിക്കുന്നതിന‌് ചുമതലപ്പെടുത്തിയിരിക്കുന്നത‌് ടാറ്റ പ്രോജക്ട‌്സിനെയാണ‌്.

യുഡിഎഫും ബിജെപിയും അപവാദപ്രചാരണങ്ങൾ തുടരുമ്പോഴും കെപിഎംജി കേരളത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ടെക‌്നോപാർക്കിലും മുംബൈയിലെ ആസ്ഥാനത്തും കേന്ദ്രകരിച്ചാണ‌് പ്രവർത്തനങ്ങൾക്ക‌് തുടക്കംകുറിച്ചത‌്.

കെപിഎംജിക്കെതിരെ പല രാജ്യങ്ങളിലും നിലനിൽക്കുന്നത‌് നികുതിസംബന്ധമായ കേസുകളാണ‌്. കേരളം ഇവരിൽനിന്ന‌് സ്വീകരിക്കുന്നത‌് സാമ്പത്തികരംഗത്തെ കൺസൾട്ടൻസിയല്ല, പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിലെ വൈദഗ‌്ധ്യമാണ‌്. പ്രളയക്കെടുതി തരണം ചെയ്യാനുള്ള ബൗദ്ധികസേവനം മാത്രമാണ‌് ഇവർ നൽകുന്നത‌്. പദ്ധതികൾ തയ്യാറാക്കുന്നതു സംബന്ധിച്ച‌് പ്രാഥമികചർച്ചകളാണ‌് ഇപ്പോൾ നടക്കുന്നത‌്.


പ്രധാന വാർത്തകൾ
Top