21 November Wednesday

ഡിവൈഎഫ‌്ഐ സംസ്ഥാന സമ്മേളനം 11ന്‌; ആവേശത്തിൽ കോഴിക്കോട്‌ നഗരം

വെബ് ഡെസ്‌ക്‌Updated: Thursday Nov 8, 2018

കോഴിക്കോട‌് > ഡിവൈഎഫ‌്ഐ 14-ാം സംസ്ഥാന സമ്മേളനത്തിനായി കോഴിക്കോട്‌ ഒരുങ്ങി. 11 മുതൽ 14 വരെയാണ്‌ സമ്മേളനം. ആദ്യമായാണ‌് ഡിവൈഎഫ‌്ഐ സംസ്ഥാന സമ്മേളനത്തിന‌് കോഴിക്കോട്‌ വേദിയാകുന്നത‌്. 11ന‌് വൈകിട്ട‌് ആറിന‌് കടപ്പുറത്തെ പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന്‌ തുടക്കം. പ്രതിനിധി സമ്മേളനം 12, 13, 14 തിയ്യതികളിൽ ടാഗോർ സെന്റിനറി ഹാളിൽ(രക്തസാക്ഷി നഗർ) നടക്കും. 12ന‌് രാവിലെ പത്തിന‌് പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമപ്രവർത്തകൻ പി സായിനാഥ‌് ഉദ‌്ഘാടനം ചെയ്യും. അഞ്ച‌് ട്രാൻസ‌്ജെൻഡർ പ്രതിനിധികൾ ഉൾപ്പെടെ 623 പേരാണ്‌ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക.

സമ്മേളനത്തിന‌് സമാപനം കുറിച്ച‌് 14ന‌് വൈകിട്ട‌് നാല‌ിന‌് കോഴിക്കോട‌് കടപ്പുറത്ത‌്(ഫിദൽ കാസ‌്ട്രോ നഗർ) ഒരു ലക്ഷം പേർ അണിനിരക്കുന്ന യുവജനറാലി നടക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും. ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌്, ജനറൽ സെക്രട്ടറി അഭോയ‌് മുഖർജി  എന്നിവർ സംസാരിക്കും.

10ന‌് പതാക, കൊടിമര, ദീപശിഖാ റാലികൾ ആരംഭിക്കും. കൂത്തുപറമ്പ‌് രക്തസാക്ഷി സ്ക്വയറിൽ നിന്നുള്ള  പതാക ജാഥ സംസ്ഥാന ട്രഷറർ പി ബിജുവും ഷിബിൻ രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ദീപശിഖാ ജാഥ കേന്ദ്ര കമ്മിറ്റിയംഗം വി പി റെജീനയും ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന‌് കൊടിമര ജാഥ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ‌് കെ സജീഷും നയിക്കും. 11ന‌് വൈകിട്ട‌് പൊതുസമ്മേളന നഗരിയായ കോഴിക്കോട‌് കടപ്പുറത്ത‌് പതാക, കൊടിമര, ദീപശിഖാ ജാഥകൾ സംഗമിക്കും. തുടർന്ന‌് സ്വാഗതസംഘം ചെയർമാൻ പി മോഹനൻ പതാക ഉയർത്തും.

സമ്മേളനത്തിന്റെ ഭാഗമായി 10ന‌് വൈകിട്ട‌് നാലിന‌് ‘കേരള ബദൽ രാഷ‌്ട്രീയവും സമ്പദ‌്ശാസ‌്ത്രവും’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എം പി വീരേന്ദ്രകുമാർ എംപി എന്നിവർ പ്രഭാഷണം നടത്തും.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിരവധി അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു. മാനാഞ്ചിറ ഡിടിപിസി മൈതാനത്ത‌് പുസ‌്തകോത്സവം നടന്നുവരികയാണ‌്. കേരളത്തിലെ എല്ലാ പ്രസാധകരുടെയും പുസ‌്തകങ്ങൾ വിലക്കുറവിൽ മേ‌ളയിൽ ലഭ്യമാണ‌്. പുസ‌്തകോത്സവ വേദിയിൽ 8, 9, 11,12, 13 തിയ്യതികളിൽ സാംസ‌്കാരിക സായാഹ്നം നടക്കും. 8ന‌് വൈകിട്ട‌് എം മുകുന്ദൻ സാംസ‌്കാരിക സായാഹ്നം ഉദ‌്ഘാടനം ചെയ്യും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top