18 November Sunday

18 വയസ്സ‌ായെന്ന‌് ഗർഭിണി സമ്മതിച്ചാൽ പൊലീസിനെ അറിയിക്കേണ്ട ബാധ്യത ഡോക്ടർമാർക്കില്ല ; കൊട്ടിയൂർ കേസിൽ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

ന്യൂഡൽഹി
പ്രസവത്തിന് എത്തുന്ന പെൺകുട്ടികൾ 18 വയസ്സായെന്ന് സമ്മതിച്ചാൽ അത്തരം കേസുകൾ പൊലീസിന് റിപ്പോർട്ട് ചെയ്യേണ്ട ബാധ്യത ഡോക്ടർമാർക്കില്ലെന്ന് സുപ്രീംകോടതി. കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട് ഡോക്ടർമാരെയും മറ്റും സുപ്രീംകോടതി നേരത്തെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഈ കേസിലെ വിശദമായ വിധിന്യായത്തിലാണ് കോടതിയുടെ പ്രധാനനിരീക്ഷണം.

പെൺകുട്ടികളോ മാതാപിതാക്കളോ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്ന പ്രായത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ ഡോക്ടർമാർക്കും ആശുപത്രി മാനേജ്‌മെന്റുകൾക്കും ബാധ്യതയില്ലെന്നാണ് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷൺ എന്നിവരുടെ വിശദമായ വിധിന്യായത്തിൽ പറയുന്നത്. പോക്‌സോ നിയമത്തിലെ 19 (1) വകുപ്പ് പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് എതിരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ പൊലീസിനെ അറിയിക്കാത്തത് കുറ്റകൃത്യമാണ്. ഈ നിയമം ലംഘിച്ചതിനാണ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റർ ടെസിതോമസ്, പിഡിയാട്രീഷ്യൻ ഹൈദരാലി, അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു എന്നിവർക്ക് എതിരെ കേസെടുത്തിരുന്നത്. പെൺകുട്ടി പ്രസവത്തിനായി ആശുപത്രിയിൽ എത്തിയപ്പോൾ 18 വയസ്സ് കഴിഞ്ഞതായാണ് അറിയിച്ചതെന്നായിരുന്നു ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും വാദം.

ഈ വാദം അംഗീകരിച്ചാണ് ഡോക്ടർമാരെയും അഡ്മിനിസ്‌ട്രേറ്ററെയും കോടതി വെറുതെവിട്ടിരിക്കുന്നത്. കോടതിഉത്തരവിലെ നിരീക്ഷണങ്ങൾ ചില കേസുകളിലെങ്കിലും നീതി ലഭിക്കുന്നതിന് തടസമാകുമോയെന്ന് ആശങ്കയുണ്ടെന്ന് നിയമവൃത്തങ്ങൾ പ്രതികരിച്ചു.

പ്രധാന വാർത്തകൾ
Top