Top
18
Monday, December 2017
About UsE-Paper

രാജ്യത്തിന്റെ സ്വാതന്ത്യ്രംപോലും അപകടത്തില്‍: കോടിയേരി

Thursday Nov 30, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് > ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്യ്രംപോലും സുരക്ഷിതമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്വതന്ത്ര പരമാധികാരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്.

സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി കീഴരിയൂരില്‍ സംഘടിപ്പിച്ച 'സ്വാതന്ത്യ്രസമരപഥത്തിലെ കമ്യൂണിസ്റ്റ് പോരാട്ടങ്ങള്‍' സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

   സാമ്രാജ്യത്വവിരുദ്ധതയും മതനിരപേക്ഷതയും സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന്റെ അടിത്തറയായിരുന്നു. സിപിഐ എം രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് ഈ അടിത്തറയിലാണ്. എന്നാല്‍ ബിജെപി ഭരണത്തില്‍ അടിസ്ഥാനശിലകള്‍ ഒന്നൊന്നായി തകരുന്നു. ജനാധിപത്യത്തിനും മതനിരപേക്ഷതക്കും ഇതുപോലെ വെല്ലുവിളിയുണ്ടായ കാലം വേറെയില്ല. സാമ്രാജ്യത്വ അനുകൂല നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചേരിചേരാനയംതന്നെ അട്ടിമറിക്കപ്പെട്ടു. മതനിരപേക്ഷതയെന്ന അടിസ്ഥാനശില തകര്‍ന്നാല്‍ രാജ്യത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകും.

  ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ്. എന്നിട്ട് അവരാണിപ്പോള്‍ മറ്റുള്ളവരെ രാജ്യസ്നേഹം പഠിപ്പിക്കുന്നത്. സ്വാതന്ത്യ്രസമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് നിസ്തുലമാണ്. പൂര്‍ണ സ്വാതന്ത്യ്രം എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത് കമ്യൂണിസ്റ്റുകാരാണ്.  1940 മുതല്‍ 46വരെ വിവിധ ജയിലുകളിലുണ്ടായിരുന്ന തടവുകാരില്‍ കാല്‍ലക്ഷത്തോളംപേര്‍ കമ്യൂണിസ്റ്റുകാരായിരുന്നു. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടുമ്പോള്‍ എ കെ ജി ജയിലിലായിരുന്നു. അദ്ദേഹം സ്വാതന്ത്യ്രം ആഘോഷിച്ചത് സെന്‍ട്രല്‍ ജയിലിലാണ്.

  തലശേരിയില്‍ രക്തസാക്ഷികളായ അബുവും ചാത്തുക്കുട്ടിയും ഇന്നും ഓര്‍മിക്കപ്പെടുന്നു. കയ്യൂരിലെ രക്തസാക്ഷികളെയും വിസ്മരിക്കാനാവില്ല. പുന്നപ്ര-വയലാര്‍ സമരവും തങ്കലിപികളില്‍ എഴുതപ്പെട്ടതാണ്. സ്വാതന്ത്യ്രസമരത്തിലേക്ക് കര്‍ഷകരെയും തൊഴിലാളികളെയും അണിനിരത്തിയത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. എന്നിട്ടും കമ്യൂണിസ്റ്റുകാരെക്കുറിച്ച് കുപ്രചാരണം നടത്തുന്നവരുണ്ട്.  സ്വാതന്ത്യ്രസമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് ഉജ്വല അധ്യായങ്ങളാണെന്ന് കോടിയേരി പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »