20 September Thursday

യുഎഇ സഹായം തിരസ‌്കരിക്കുന്നത‌് വൈരനിര്യാതന ബുദ്ധി: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

കേരളത്തിലെ പ്രളയദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്കായി യുഎഇ വാഗ്‌ദാനം ചെയ്‌ത 700 കോടി രൂപ സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രസർക്കാർ തീരുമാനം കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ വൈരനിര്യാതന നിലപാടിന്റെ ഭാഗമാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പ്രസ‌്താവനയിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നൽകരുതെന്ന സംഘപരിവാറിന്റെയും സേവാഭാരതിയുടെയും ആഹ്വാനത്തിന്റെ ഭാഗമാണ്‌ ബിജെപി സർക്കാരിന്റെ ഈ നിലപാട്‌. ഐക്യരാഷ്ട്രസഭയും യുഎഇ സർക്കാരും ഖത്തറും സഹായം വാഗ്‌ദാനം ചെയ്‌തുകഴിഞ്ഞു. ഇത‌് സ്വീകരിക്കാൻ പാടില്ലെന്നാണ്‌ കേന്ദ്രനിലപാടെങ്കിൽ വാഗ്‌ദാനം ചെയ്‌ത തുകയ്‌ക്കു തുല്യമായ തുക അധികമായി കേരളത്തിന‌് അനുവദിക്കാൻ കേന്ദ്രം സന്നദ്ധമാകണം. പ്രളയക്കെടുതിക്കു വിധേയരായ ജനങ്ങളെ പുനരധിവസിപ്പിക്കാനും പുതിയൊരു കേരളം സൃഷ്ടിക്കാനും ദൃഢപ്രതിജ്ഞയോടുകൂടി സംസ്ഥാന സർക്കാർ രംഗത്തിറങ്ങിയിരിക്കുകയാണ്‌. ഇതിന‌് സർവകക്ഷി യോഗം പൂർണ പിന്തുണയും പ്രഖ്യാപിച്ചു.

ഇന്ത്യ വിദേശസഹായം സ്വീകരിക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ്‌. ലോകബാങ്ക്‌, അന്താരാഷ്ട്ര നാണയനിധി, യൂറോപ്യൻ യൂണിയൻ, ഏഷ്യൻ വികസന ബാങ്ക്‌, അമേരിക്ക, ജപ്പാൻ, റഷ്യ, ഫ്രാൻസ്‌ തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ ഇന്ത്യ വിവിധ സഹായങ്ങൾ സ്വീകരിച്ചുവരുന്നുണ്ട്‌. നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ, ബംഗ്ലാദേശ്‌ തുടങ്ങിയ നിരവധി വിദേശരാജ്യങ്ങളെ ഇന്ത്യ സഹായിച്ചതാണ്‌.

ഇത്തരം വിദേശസഹായം പ്രളയബാധിത പ്രദേശങ്ങൾക്ക്‌ ലഭ്യമാക്കുന്നതിന്‌ നിലവിലുള്ള ചട്ടങ്ങളോ കീഴ്‌വഴക്കങ്ങളോ എതിരാണെങ്കിൽ അതിനൊരു മാറ്റം വരുത്തിക്കൊണ്ട്‌ ഇപ്പോൾ വാഗ്‌ദാനം ചെയ‌്തിട്ടുള്ള സഹായങ്ങൾ കേരളത്തിന‌് ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ  ഉണ്ടാകണം. കേരള നിയമസഭ ഇക്കാര്യം ഐകകണ്‌ഠ്യേന ആവശ്യപ്പെടണം. കേരളജനതയുടെ ഈ ആവശ്യത്തിനുമുന്നിൽ ഒറ്റക്കെട്ടായിനിന്ന‌് കേന്ദ്ര നിലപാട‌് തിരുത്തിക്കണമെന്നും കോടിയേരി പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു.

പ്രധാന വാർത്തകൾ
Top