Top
28
Tuesday, March 2017
About UsE-Paper

25ന് ജില്ലാ കേന്ദ്രങ്ങളില്‍ മോഡിയെ വിചാരണചെയ്യും: കോടിയേരി

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ജനങ്ങളെ തീരാദുരിതത്തിലാഴ്ത്തിയ നോട്ട് അസാധുവാക്കലിനെതിരായ വിപുലമായ പ്രക്ഷോഭ-പ്രചാരണത്തിന്റെ ഭാഗമായി ജനുവരി 25നു ജില്ലാ കേന്ദ്രങ്ങളില്‍ 'പ്രധാനമന്ത്രിയെ വിചാരണ ചെയ്യു'മെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുളവായ പ്രതിസന്ധി പരിഹരിക്കാന്‍ പത്തിന ആവശ്യമുന്നയിച്ച് പാര്‍ടി കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്ത ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജില്ലാ കേന്ദ്രങ്ങളില്‍ 'പ്രധാനമന്ത്രിയെ വിചാരണ ചെയ്യാന്‍' സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. ഫെബ്രുവരി 15നകം 2000 കേന്ദ്രത്തില്‍ ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജനസദസ്സുകള്‍ സംഘടിപ്പിക്കും. നോട്ട് അസാധുവാക്കലിന്റെ യഥാര്‍ഥ വശങ്ങള്‍ വിവരിച്ചും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങള്‍ തുറന്നുകാട്ടിയുമുള്ള ലഘുലേഖകള്‍ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി വിതരണം ചെയ്യും.

സിപിഐ എം നേരിട്ട് നടത്തുന്ന പ്രക്ഷോഭങ്ങളോടൊപ്പം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രത്യേകം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. പ്രതിവര്‍ഷം ചുരുങ്ങിയത് 200 ദിവസമെങ്കിലും തൊഴില്‍ ഉറപ്പാക്കാന്‍ ഫണ്ട് ആവശ്യപ്പെട്ടുള്ള ദേശീയ തൊഴിലുറപ്പു തൊഴിലാളികളുടെ സമരങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും.

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അസാധു നോട്ട് മാറാന്‍ മാര്‍ച്ച് 31 വരെ സമയം നല്‍കിയെങ്കിലും റിസര്‍വ് ബാങ്കിന്റെ കേരളത്തിലെ രണ്ട് ഓഫീസിലും അതിനുള്ള സൌകര്യമില്ല. ആര്‍ബിഐയുടെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഓഫീസില്‍ ഇതിനുള്ള സൌകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ നടത്തുന്ന സമരങ്ങളെ പിന്തുണയ്ക്കും.

പട്ടിക ജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ഭവന നിര്‍മാണ പദ്ധതികള്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് നിലച്ചിരിക്കയാണ്. 24,000 രൂപ മാത്രമേ പിന്‍വലിക്കാവൂ എന്നതുകൊണ്ട് രണ്ടാംഘട്ട ഫണ്ട് കൈമാറാന്‍ കഴിയുന്നില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. എസ്സി-എസ്ടി വിദ്യാര്‍ഥികളുടെ സ്റ്റൈപെന്‍ഡ്, ലപ്സംഗ്രാന്റ് വിതരണവും പ്രതിസന്ധിയിലായി. ഫിഷറീസ് മേഖലയിലും പ്രതിസന്ധി രൂക്ഷം. പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നതിന് പ്രയാസം നേരിടുന്നു.

സഹകരണ മേഖലയിലെ നിക്ഷേപം സ്വകാര്യമേഖലയിലേക്ക് മാറ്റാന്‍ ഗൂഢാലോചന നടക്കുകയാണ്. ഇതിനെതിരെ സഹകാരികള്‍ ഒന്നിച്ചുനില്‍ക്കും. നിക്ഷേപത്തിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സുരക്ഷ ഉറപ്പുനല്‍കിയതിനാല്‍ നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട.

തൊഴില്‍ സ്തംഭനം കാരണം ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചുപോകുകയാണ്. അസംഘടിത തൊഴില്‍ മേഖല അതീവ ഗുരുതര പ്രതിസന്ധിയിലാണ്. തൊഴിലാളി സംഘടനകള്‍ ഈ പ്രശ്നമെല്ലാം ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കോടിയേരി പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »