14 November Wednesday

ദേശീയപാത വികസനം: സംസ്‌ഥാനത്തെ അറിയിക്കാതെ കേന്ദ്രം സമരക്കാരുമായി ചർച്ച നടത്തിയത്‌ പ്രതിഷേധാർഹം- കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

തിരുവനന്തപുരം> ദേശീയപാതാ വികസന വിഷയത്തിൽ സംസ്‌ഥാന സർക്കാരിനെയോ ജനപ്രതിനിധികളെയോ അറിയിക്കാതെ സമരക്കാരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയത്‌ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന്‌ സിപിഐ എം സംസ്‌ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സംസ്ഥാനത്തെ മാറ്റിനിർത്തിയുള്ള ഇത്തരം ചർച്ചകൾ ഭാവിയിൽ ഗുരുതരപ്രശ്നങ്ങൾക്ക് വഴിയൊരുക്കമൈന്നും കോടിയേരി പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ
ദേശീയപാത വികസന വിഷയത്തിൽ സംസ്ഥാന സർക്കാരിനെയോ ജനപ്രതിനിധികളെയോ അറിയിക്കാതെ സമരക്കാരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. കേന്ദ്ര‐ സംസ്ഥാന ബന്ധത്തെ തകർക്കുന്ന കേന്ദ്രനിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

സംസ്ഥാനത്തെ മാറ്റിനിർത്തിയുള്ള ഇത്തരം ചർച്ചകൾ ഭാവിയിൽ ഗുരുതരപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ദേശീയപാത എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രത്തിന് കീഴിലുള്ള ദേശീയപാത വികസന അതോറിറ്റിയാണ്. ഭൂമി ഏറ്റെടുത്ത് നൽകുകയെന്നതാണ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം. അതിൽ എന്തെങ്കിലും തർക്കങ്ങളോ പ്രശ്നങ്ങളോ വന്നാൽ സംസ്ഥാനവുമായാണ് ചർച്ചചെയ്യേണ്ടത്. അതിനുപകരമായി വികസനത്തിനെതിരായ സമരങ്ങളെ പ്രോൽസാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

ദേശീയപാത വികസനത്തിന്റെ കാര്യത്തിൽ കേരളത്തിലെ വടക്കൻമേഖല പിന്നോക്കമാണ്. പ്രത്യേകിച്ച് കണ്ണൂർ, കാസർകോഡ് ജില്ലകൾ. കേന്ദ്രവുമായി ചേർന്ന് ഈ സ്ഥിതിക്ക് മാറ്റംവരുത്താനുള്ള ശ്രമങ്ങളാണ് നടന്നുവന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വിജ്ഞാപനം പുറപ്പെടുവിച്ചതും അലൈൻമെന്റ് തീരുമാനിച്ചതുമെല്ലാം എൻഎച്ച്എഐയാണ്. ആ ഘട്ടങ്ങളിലെല്ലാം സംസ്ഥാന സർക്കാരുമായാണ് ചർച്ചകൾ നടന്നിട്ടുള്ളത്. ഇപ്പോള്‍ സംസ്ഥാനത്തെ അറിയിക്കാതെ ചർച്ചനടത്തിയതില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ട്.

തെരഞ്ഞെടുപ്പ് നേട്ടത്തിനായി രണ്ട് കിളികളെ പിടിക്കുന്നതിനുള്ള രാഷ്ട്രീയകളിയാണിത്. മന്ത്രിയെയും കേന്ദ്രത്തെയുമെല്ലാം ഉപയോഗിച്ച് കിളികളെ പിടിക്കാനാണ് ബിജെപി ശ്രമം

കേരളത്തിന് വികസനം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി മലയാളികള്‍ക്ക് മനസിലാവുന്നുണ്ട്. അത് മറക്കരുത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top