19 September Wednesday

വിദ്യാർഥി സംഘടനാ സ്വാതന്ത്ര്യം , സർക്കാർ നിയമ നിർമാണം നടത്തും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018

എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കൊല്ലം ക്യുഎസി മൈതാനിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു. ഫോട്ടോ: ആർ സഞ്‌ജീവ്‌


കൊല്ലം
സ്വാശ്രയ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കാൻ സർക്കാർ നിയമനിർമാണം നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സമ്മേളന പൊതുസമ്മേളനം ശ്രീകുമാർ നഗറിൽ (ക്യൂഎസി മൈതാനം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നടപ്പ് നിയമസഭാസമ്മേളന കാലാവധി തീരുന്നതിനാൽ  ബിൽ അവതരിപ്പിക്കാനാകാത്ത സാഹചര്യമുണ്ട്. ഈ അധ്യയന വർഷംതന്നെ നിയമപ്രാബല്യമുള്ള സംവിധാനത്തിലൂടെ വിദ്യാർഥി സംഘടനാ സ്വാതന്ത്ര്യം അനുവദിക്കും. വിദ്യാർഥികൾക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന യുഡിഎഫ് നയത്തിൽനിന്ന് വ്യത്യസ‌്തമായ സമീപനമാണ് എൽഡിഎഫ് സർക്കാരിന്റേത്. സർവകലാശാല സിൻഡിക്കറ്റിലും അക്കാദമിക് കൗൺസിലിലും വിദ്യാർഥി പ്രാതിനിധ്യം ഉറപ്പാക്കും.

പൊതുവിദ്യാഭ്യാസരംഗത്ത് കേന്ദ്ര സർക്കാരിന്റെയും യുഡിഎഫിന്റെയും നയങ്ങൾക്ക് ബദൽ സൃഷ്ടിക്കുകയാണ് എൽഡിഎഫ് സർക്കാർ. യുഡിഎഫ് സർക്കാർ വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിച്ചപ്പോൾ സാമൂഹ്യനീതി ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പരിഷ്കാരമാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. സർക്കാർ‐ എയ്ഡഡ് സ്കൂളുകളിൽ രണ്ടു മുതൽ ഒമ്പതുവരെ ക്ലാസുകളിൽ ഈ വർഷം 1.82 ലക്ഷം കുട്ടികളാണ് പുതിയതായി ചേർന്നത്.  അൺ എയ്ഡഡ് സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയാൻ സർക്കാരിനായി.

യുഡിഎഫ് നിയമന നിരോധനം നടപ്പാക്കിയപ്പോൾ എൽഡിഎഫ് സർക്കാർ രണ്ടു വർഷത്തിനുള്ളിൽ പിഎസ്സി വഴി 73,000 പേർക്ക് നിയമനംനൽകി. മൂവായിരത്തിൽപരം തസ്തികയാണ് സൃഷിച്ചത്. സാമ്പത്തിക സ്ഥിതി പരിശോധിച്ച് പുതിയ മേഖലകളിൽ ഇനിയും പുതിയ നിയമനം നടത്തും.

പട്ടികജാതി‐വർഗ വിദ്യാർഥികളുടെ സ്റ്റൈപെൻഡ‌് യഥാസമയം നൽകുന്നു. വയനാട് ജില്ലയിലെ ടീച്ചർ ട്രെയ‌്നിങ് കോഴ്സ് പാസായ 241 ആദിവാസികൾക്കും ജോലി നൽകി. ആദിവാസി ഗോത്രഭാഷ പഠിച്ച എല്ലാവരെയും ആദിവാസി ഊരുകളിൽ പ്രത്യേക പരിശീലകരായി നിയമിക്കാൻ തീരുമാനിച്ചു. 100 ആദിവാസികൾക്ക് പൊലീസിലും എക്സൈസിലും ജോലി നൽകും. ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ പിന്നോക്ക വിഭാഗക്കാരായ 70 പേരെ നിയമിച്ചു. അതിൽ 12 പേർ പട്ടികജാതിക്കാരാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്ന പട്ടികജാതിക്കാരെ ചുട്ടുകൊല്ലുമ്പോഴാണ് എൽഡിഎഫ് സർക്കാർ ഇത്തരത്തിൽ രാജ്യത്തിനു മാതൃകയാകുന്നത്.

ജനക്ഷേമകരമായ നടപടികളിലൂടെ സർക്കാർ മുന്നേറുമ്പോൾ  കുത്തക മാധ്യമങ്ങളെ ഉപയോഗിച്ച് കുത്തിത്തിരിപ്പുണ്ടാക്കാനാണ് കോൺഗ്രസ്, ബിജെപി ശ്രമമെന്നും കോടിയേരി പറഞ്ഞു.

പ്രധാന വാർത്തകൾ
Top