13 November Tuesday

പ്രളയക്കെടുതില്‍ പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് കൊച്ചി കളക്ടര്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

കൊച്ചി  > പ്രളയക്കെടുതിയില്‍  സഹായഹസ്തവുമായി എത്തിയ മുഴുവന്‍ പേര്‍ക്കും നന്ദി പറഞ്ഞ് എറണാകുളം ജില്ലാ കളക്ടര്‍. തന്റെ ഫേസ്‌ബുക്ക് പേജിലാണ് കളക്ടര്‍ നന്ദി അറിയിച്ചത്. പ്രളയക്കെടുതി നേരിട്ട ലക്ഷക്കണക്കിന് ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണം, മരുന്ന്, ശുചീകരണ വസ്തുക്കള്‍ തുടങ്ങിയ സാധന സാമഗ്രികളുടെ ശേഖരണത്തിലും വിതരണത്തിലും ജില്ലാ ഭരണകൂടത്തിന് സര്‍വവിധ പിന്തുണയും നല്‍കിയ നിരവധി സംഘടനകളും വ്യക്തികളുമുണ്ട്. ഇവരോടുള്ള നന്ദിയും കടപ്പാടും വാക്കുകള്‍ക്ക് അതീതമാണ്.

കേന്ദ്രീകൃത ശേഖരണ കേന്ദ്രമായി പ്രവര്‍ത്തിച്ച കടവന്ത്രയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ ഈ ചുമതല ജില്ലാ ഭരണകൂടത്തോടൊപ്പം നിന്ന് നിര്‍വഹിച്ചത് സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ അന്‍പൊട് കൊച്ചിയാണ്. വളരെ മാതൃകാപരമായ പ്രവര്‍ത്തനമാണ് അന്‍പൊട് കൊച്ചി കാഴ്ച വച്ചത്.

ജില്ലയില്‍ പ്രളയക്കെടുതി രൂക്ഷമാകുന്നതിന് മുമ്പ് തന്നെ അന്‍പൊട് കൊച്ചി രംഗത്തുണ്ടായിരുന്നു. മഴയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുകയായിരുന്ന മറ്റ് ജില്ലകളിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ കയറ്റി അയച്ചത് അന്‍പൊട് കൊച്ചിയുടെ വോളന്റിയര്‍മാരാണ്. സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ ഈ പരിശ്രമത്തില്‍ അണിചേര്‍ന്നു.

പ്രൊഫഷണലുകള്‍, ചലച്ചിത്ര താരങ്ങള്‍, കായികതാരങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെല്ലാം സഹജീവികളുടെ പ്രയാസമകറ്റാന്‍ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ ഒത്തുകൂടി. ജില്ല പ്രളയത്തിലമര്‍ന്ന നാളുകളില്‍ ഈ സന്നദ്ധപ്രവര്‍ത്തകരുടെ സേവനം പതിന്മടങ്ങായി. രാവും പകലുമില്ലാതെ അവര്‍ കാഴ്ചവച്ച പ്രവര്‍ത്തനം നാടിനാകെ മാതൃകയും വരും നാളുകളിലേക്കുള്ള വഴികാട്ടിയുമാണ്.

ഓഗസ്റ്റ് 11ന് പ്രവര്‍ത്തനം തുടങ്ങിയ റീജിയണല്‍ സ്പോര്‍ട്സ് സെന്ററിലെ സംഭരണ, വിതരണ കേന്ദ്രത്തില്‍ നിന്നും 540 ലോറികളിലായി മൂവായിരം ടണ്ണോളം അവശ്യസാധനങ്ങളും മരുന്നുകളുമാണ് കയറ്റി അയച്ചത്. ഹെലിക്കോപ്റ്ററില്‍ എയര്‍ഡ്രോപ് നടത്തുന്നതിനായി 650 ടണ്‍ ഭക്ഷ്യവസ്തുക്കളും പാക്കറ്റിലാക്കി നാവികസേനയ്ക്ക് കൈമാറി. കേടാകാത്ത ഭക്ഷണവും കുപ്പിവെള്ളവുമായിരുന്നു ഈ പാക്കറ്റുകളില്‍.

പ്രളയത്തിന്റെ രൂക്ഷത കുറഞ്ഞ സാഹചര്യത്തില്‍ ശുചീകരണത്തിനാവശ്യമായ ഗ്ലൗസ്, ഗംബൂട്ട്, ക്ലീനിംഗ് മോപ്പ്, ബ്ലീച്ചിംഗ് പൗഡറുകള്‍, ലോഷനുകള്‍, മാസ്‌കുകള്‍, ബക്കറ്റുകള്‍ എന്നിവയുടെ വിതരണവും റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നിന്നും നടത്തി.ദുരിതാശ്വാസ സാമഗ്രികള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ചില നിയന്ത്രണങ്ങള്‍ അനിവാര്യമായിരുന്നു. ക്യാമ്പുകളുടെ നടത്തിപ്പ് ചുമതലയുള്ളവരില്‍ നിന്നും കത്ത് വാങ്ങിയാണ് സാധനസാമഗ്രികള്‍ നല്‍കിയിരുന്നത്.

 സംഭരണകേന്ദ്രത്തിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ സാധനസാമഗ്രികളും കൃത്യമായി രേഖപ്പെടുത്തിയിരുന്നു.പ്രളയജലമൊഴിഞ്ഞ സാഹചര്യത്തില്‍ സംഭരണ, വിതരണ കേന്ദ്രങ്ങള്‍ വികേന്ദ്രീകരിച്ചിട്ടുണ്ട്. കാക്കനാട്, ആലുവ, പറവൂര്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ സംഭരണ, വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കളക്ടര്‍  പോസ്റ്റില്‍ പറഞ്ഞു
 

പ്രധാന വാർത്തകൾ
Top