21 November Wednesday

പവിലിയൻ പൊളിക്കുമ്പോൾ 12 വീടുകൾ നിർമിച്ചുനൽകും ; നവകേരള നിർമിതിക്ക‌് ബിനാലെയും

വെബ് ഡെസ്‌ക്‌Updated: Sunday Nov 11, 2018

നാലാമത്‌ കൊച്ചി ബിനാലെയുടെ ക്യൂറേറ്റർ അനിത ദുബെ മാധ്യമങ്ങളോട്‌ സംസാരിക്കുന്നു

കൊച്ചി
ബിനാലെ നാലാം ലക്കത്തിന്റെ പവിലിയൻ പൊളിച്ചുകിട്ടുന്ന സാധനങ്ങൾ  ഉപയോഗപ്പെടുത്തി 12 വീടുകൾ നിർമിച്ചുനൽകുമെന്ന്  ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ‌് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

ഫോർട്ട്കൊച്ചി കബ്രാൾ യാർഡിലാണ് ബിനാലെ പവിലിയൻ ഒരുങ്ങുന്നത്. ഇത് പൊളിക്കുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ കൊണ്ട് 600 ചതുരശ്ര അടി വിസ‌്തീർണമുള്ള 12 വീടുകൾ നിർമിക്കാനാണ‌് പദ്ധതി.   ഡിസംബർ 12 മുതൽ 2019 മാർച്ച് 29 വരെയാണ് ബിനാലെ. കൊച്ചിയിൽ ബിനാലെ ഫൗണ്ടേഷൻ ബിനാലെ നാലാം ലക്കത്തിന്റെ ക്യൂറേറ്റർ അനിത ദുബെയുമായി ഒരുക്കിയ മീറ്റ് ദി ക്യൂറേറ്റർ പരിപാടിയിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി കലാസൃഷ്ടികളുടെ ലേലം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ബിനാലെയ‌്ക്ക‌് ശേഷം പവിലിയൻ പൊളിച്ച് വീടുകൾ നിർമിക്കാനുള്ള പദ്ധതി.  നാലപ്പതിൽ പരം കലാകാരന്മാരുടെ തെരഞ്ഞെടുത്ത ചിത്രങ്ങൾ, പ്രതിമകൾ, പ്രതിഷ്ഠാപനങ്ങൾ എന്നിവയാണ് ലേലത്തിന് വയ‌്ക്കുക.  2019 ജനുവരി 18നാണ‌് ലേലം.

പ്രളയം ബിനാലെയോടുള്ള തന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ക്യൂറേറ്റർ അനിത ദുബെ പറഞ്ഞു. സൃഷ‌്ടികളുടെ പുതിയ സാധ്യതകളിലേക്കും പ്രമേയങ്ങളിലേക്കും എത്താൻ ഇത് കാരണമായി. പല കലാകാരന്മാരും തങ്ങളുടെ സൃഷ‌്ടികളിൽ തന്നെ പ്രളയം പ്രമേയമായി കൊണ്ടുവരാൻ തയ്യാറായി. ഇതെല്ലാം നവകേരളത്തോടുള്ള ഐക്യദാർഢ്യമാണെന്നും അവർ പറഞ്ഞു.

ബിനാലെ നാലാം ലക്കത്തെ രണ്ടായി തിരിക്കാം. പ്രദർശനവും പവിലിയനും. പവിലിയനിൽ ആർക്കും ക്യൂറേറ്ററാകാമെന്ന് അനിത ദുബെ ചൂണ്ടിക്കാട്ടി. സന്ദർശകർക്ക് തങ്ങളുടെ ആശയങ്ങൾ അവിടെ അവതരിപ്പിക്കാനാകും. സഹവർത്തിത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടങ്ങാത്ത ആഗ്രഹമായിരിക്കും ബിനാലെയുടെ പ്രമേയം. ആടിയും പാടിയും ഒന്നിച്ച് ഭക്ഷണം കഴിച്ചും ഈ സ്വപ‌്നം ആഘോഷിക്കണമെന്നും അവർ പറഞ്ഞു.

ഇത്രയധികം ബന്ധപ്പെട്ടുകിടക്കുന്ന ജീവിതത്തിലും ജനങ്ങൾ അന്യവൽക്കരിക്കപ്പെടുകയാണ‌്.  ഇതു നമ്മെ വലതുപക്ഷ ക്ഷുദ്രരാഷ‌്ട്രീയ പ്രവർത്തനത്തിന്റെ അപകടത്തിലേക്ക് നയിക്കുന്നു. എന്നാൽ  കലാപ്രദർശനത്തെ മുദ്രാവാക്യങ്ങളിലൂടെ രാഷ‌്ട്രീയവൽക്കരിക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ ആശയസംവാദത്തിനു തടസ്സമില്ലെന്നും അവർ പറഞ്ഞു.

ജനങ്ങളുടെ കൂടി താൽപ്പര്യാർഥമാണ് പ്രളയക്കെടുതിക്ക‌് ശേഷവും ബിനാലെ പ്രദർശനങ്ങളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ സെക്രട്ടറി വി സുനിൽ പറഞ്ഞു. ജനങ്ങളിൽ പ്രതീക്ഷ, ഊർജം, ശുഭാപ്തിവിശ്വാസം എന്നിവ വളർത്താനും ബിനാലെ പ്രദർശനത്തിലൂടെ സാധിക്കുമെന്ന് ഫൗണ്ടേഷൻ ഉറച്ചു വിശ്വസിച്ചു. രക്ഷാധികാരികളുടെ പൂർണ പിന്തുണ ഇക്കാര്യത്തിൽ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top